കൊച്ചി
ആകാശവാണി കൊച്ചി എഫ്എമ്മിന്റെ ഭാവിയിൽ കരിനിഴൽ വീഴ്ത്തി വിനോദ–-വിജ്ഞാന റേഡിയോയായ ‘റെയിൻബോ 107.5’ ആഗസ്ത് പകുതിയോടെ അടച്ചുപൂട്ടും. പുതിയ പരിപാടികൾ ഏറ്റെടുക്കാതെ കൊച്ചി എഫ്എം 102.3ൽ ലയിപ്പിക്കാനാണ് നീക്കം. മൂന്നുപതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൊച്ചി എഫ്എമ്മിന്റെ ഭാഗമായി 15 വർഷംമുമ്പാണ് റെയിൻബോ തുടങ്ങിയത്.
കൊച്ചി ആകാശവാണിയുടെ രണ്ട് എഫ്എമ്മുകളിൽ ഒന്ന് അടച്ചുപൂട്ടുന്നത് തിരുവനന്തപുരത്തിനും കോഴിക്കോടിനും പിന്നാലെ കൊച്ചിയിലും എഫ്എം സ്റ്റേഷനുകൾ നിർത്തലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്. കൊച്ചി എഫ്എം വാർത്താധിഷ്ഠിത പരിപാടികളിൽ ശ്രദ്ധയൂന്നുമ്പോൾ റെയിൻബോ വിനോദ, വിജ്ഞാന പരിപാടികളിലൂടെ ദേശീയതലത്തിൽ മുന്നിലാണ്. കഴിഞ്ഞവർഷം പ്രസാർ ഭാരതിയുടെ ‘ന്യൂസ് ഓൺ എയർ’ ആപ് വഴി ശ്രോതാക്കൾ കേൾക്കുന്ന 240 റേഡിയോ ചാനലുകളിൽ ആദ്യപത്തിൽ കൊച്ചി റെയിൻബോയുണ്ട്. 2022 ജനുവരിയിൽ രണ്ടാംസ്ഥാനവും മാർച്ചിൽ മൂന്നാംസ്ഥാനവും ലഭിച്ചത് ഈ ചാനലിനാണ്.
റെയിൻബോ എഫ്എമ്മിൽ 40 റേഡിയോ ജോക്കികൾ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. വാർത്താധിഷ്ഠിത പരിപാടിമാത്രമുള്ള എഫ്എമ്മിൽ നാമമാത്ര ജീവനക്കാരാണുള്ളത്. 25 വർഷമായി രണ്ട് എഫ്എമ്മിലും പുതിയ നിയമനം നടത്തിയിട്ടില്ല.
റെയിൻബോ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് റെയിൻബോ ലിസണേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രിക്കും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രിക്കും നിവേദനം നൽകി. അസോസിയേഷന്റെ വാട്സാപ് കൂട്ടായ്മയും ജനപങ്കാളിത്തത്തോടെ പ്രചാരണം ആരംഭിച്ചതായി കൺവീനർ പി കെ പ്രകാശ് പറഞ്ഞു.