തിരുവനന്തപുരം
സോഫ്റ്റ് ലാൻഡിങിനു മുമ്പുള്ള ചാന്ദ്രയാൻ 3ന്റെ നിർണായക ചാന്ദ്രപ്രവേശം ശനിയാഴ്ച. അതിവേഗത്തിൽ പാഞ്ഞെത്തുന്ന പേടകത്തെ നിയന്ത്രിച്ച് ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക് സുരക്ഷിതമായി കടത്തിവിടുക ഏറെ സങ്കീർണമാണ്. വേഗനിയന്ത്രണം പാളിയാൽ ഇടിച്ചിറങ്ങുകയോ ചന്ദ്രനും കടന്ന് ലക്ഷ്യം തെറ്റുകയോ ചെയ്യാം. വൈകിട്ട് ഏഴോടെ ചന്ദ്രന്റെ ഗുരുത്വാകർഷണ മേഖലയ്ക്ക് സമീപം പേടകം എത്തും. ചന്ദ്രനിൽനിന്ന് 60, 000 കിലോമീറ്റർ അകലെയാണ് ഈ മേഖല.
വേഗം നിയന്ത്രിക്കുന്നതിനായി ത്രസ്റ്ററുകൾ വിപരീത ദിശയിൽ (ലൂണാർ ഓർബിറ്റ് ഇൻജക്ഷൻ) ജ്വലിപ്പിക്കും. ഇതിനായി വൈകിട്ട് 7.12ന് ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രമായ ഇസ്ട്രാക്കിൽനിന്ന് കമാൻഡ് അപ്ലിങ്ക് ചെയ്യും. കുറുവിലെ ട്രാക്കിങ് സ്റ്റേഷന്റെ സഹായത്തോടെയാകുമിത്. കമാൻഡ് സ്വീകരിച്ച് ത്രസ്റ്റർ 31 മിനിറ്റ് ജ്വലിക്കും. പേടകത്തിലെ 266 കിലോ ഇന്ധനം ഇതിനായി ഉപയോഗപ്പെടുത്തും. പേടകം 180 ഡിഗ്രി തിരിയും. 7.43 ഓടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പതുക്കെ കടക്കുമെന്നാണ് നിഗമനം. പ്രവർത്തന വിവരങ്ങൾ അപ്പപ്പോൾ ഇസ്ട്രാക്കിൽ അറിയാനാകും. തുടർന്ന് 172നും 18,058 കിലോമീറ്ററിനും ഇടയിലുള്ള ദീർഘവൃത്ത പഥത്തിൽ പേടകം ചന്ദ്രനെ ചുറ്റും. അടുത്ത ദിവസങ്ങളിൽ പഥം താഴ്ത്തി ചന്ദ്രനിലേക്ക് കൂടുതൽ അടുപ്പിക്കും. 23ന് വൈകിട്ട് ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടക്കും.
14ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച പേടകം ചൊവ്വാഴ്ചയാണ് ഭൂമിയുടെ ആകർഷണവലയം ഭേദിച്ച് നേരെ ചന്ദ്രനിലേക്ക് കുതിച്ചത്. കഴിഞ്ഞ ദിവസം 26 സെക്കൻഡ് ത്രസ്റ്റർ ജ്വലിപ്പിച്ച് പാത തിരുത്തിയിരുന്നു. 3.65 ലക്ഷത്തിലേറെ കിലോമീറ്റർ താണ്ടിയാണ് പേടകം ചാന്ദ്രപഥത്തിലേക്ക് എത്തുന്നത്.