ബെർലിൻ
ഇന്ത്യയുടെ അമ്പ് തറച്ചത് സ്വർണക്കിരീടത്തിൽ. ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് സ്വർണം. വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലാണ് നേട്ടം. ജ്യോതി സുരേഖ വെന്നം, അദിതി ഗോപിചന്ദ് സാമി, പർണീത് കൗർ എന്നിവരാണ് ലക്ഷ്യത്തിലേക്ക് അമ്പ് പായിച്ചത്.
ഫൈനലിൽ മെക്സിക്കോയെയാണ് ഇന്ത്യ തോൽപ്പിച്ചത്. സ്കോർ: 235–-229. നാലു റൗണ്ടിലും ഇന്ത്യക്കായിരുന്നു മുൻതൂക്കം (59–-57, 59–-58, 59–-57, 58–-57). ലോക ചാമ്പ്യൻഷിപ്പിൽ ഇതിനുമുമ്പ് ഇന്ത്യ നേടിയത് ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമാണ്.
ആദ്യമത്സരത്തിൽ ബൈ ലഭിച്ച ഇന്ത്യ അടുത്ത കളിയിൽ തുർക്കിയെ വീഴ്ത്തി. തുടർന്ന് ചൈനീസ് തായ്പേയിയെ തോൽപ്പിച്ചു. നിലവിലെ ജേതാക്കളായ കൊളംബിയയെ സെമിയിൽ കീഴടക്കിയാണ് ഫൈനലിലേക്ക് കുതിച്ചത്. പരിചയസമ്പത്തും യുവത്വവും നിറഞ്ഞതായിരുന്നു ഇന്ത്യൻ ടീം. ആന്ധ്രയിൽനിന്നുള്ള ഇരുപത്തേഴുകാരി ജ്യോതി സുരേഖയുടെ ഏഴാം ലോകമെഡലാണ്. കഴിഞ്ഞതവണ (2021) മൂന്ന് വെള്ളിയുണ്ട്. 2019ൽ രണ്ട് വെങ്കലവും 2017ൽ ഒരു വെള്ളിയും നേടി. പതിനേഴുകാരി അദിതി മഹാരാഷ്ട്രയിൽനിന്നാണ്. ലോക അണ്ടർ 18 കിരീടം നേടിയിട്ടുണ്ട്. പർണീത് പഞ്ചാബുകാരിയാണ്. ലോക ചാമ്പ്യൻഷിപ്പിൽ 12 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തിയത്. മലയാളിയായ ഡോ. സോണി ജോൺ ടീമിലെ സ്പോർട്സ് സൈക്കോളജിസ്റ്റാണ്.
കാത്തിരുന്ന വിജയം
ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ഇന്ത്യ ഏറെക്കാലമായി കാത്തിരുന്നതായിരുന്നു. ഓരോതവണയും അത് അകന്നുപോയി. ഇത്തവണ ആ സുവർണ മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. ആധികാരികമായിരുന്നു വനിതാ ടീമിന്റെ പ്രകടനം. ഫൈനലിൽ നല്ല വ്യത്യാസത്തിൽ മെക്സിക്കോയെ മറികടക്കാനായി. അതിനേക്കാൾ കടുപ്പമായിരുന്നു കൊളംബിയക്കെതിരായ സെമി എന്ന് പറയാം.
ഒരുവർഷമായി വനിതകൾ കോമ്പൗണ്ട് ടീം ഇനത്തിൽ മികവുകാട്ടുന്നുണ്ട്. അതിൽ ഇറ്റലിക്കാരൻ കോച്ച് സർജിയോ പങിന്റെ പങ്ക് നിർണായകമാണ്. മറ്റൊന്ന് ടീമിന്റെ ഒത്തിണക്കവും ആവേശവുമാണ്. ജ്യോതി സുരേഖയാണ് ടീമിലെ മുതിർന്ന അംഗം. മറ്റ് രണ്ടുപേരും കൗമാരക്കാരാണ്. അദിതി ഗോപിചന്ദിന് 17 വയസ്സ്, പർണീത് കൗറിന് 18. രണ്ടുപേരെയും മനഃസംഘർഷമില്ലാതെ മത്സരസജ്ജമാക്കുന്നതിൽ പരിചയസമ്പന്നയായ ജ്യോതിയുടെ നല്ല ഇടപെടലുണ്ട്. ആ കൂട്ടായ്മയാണ് ഒരേ മനസ്സോടെ അമ്പെയ്യാൻ ടീമിനെ പ്രാപ്തരാക്കിയത്.
മത്സരം നടക്കുന്ന ബെർലിനിൽ നല്ല കാലാവസ്ഥയല്ല. കാറ്റും മഴയും മത്സരത്തെ ബാധിക്കുന്നുണ്ട്. വനിതകളുടെ വ്യക്തിഗത ഇനത്തിലും ഇന്ത്യക്ക് മെഡൽ സാധ്യതയുണ്ട്. ജ്യോതിയും പർണീതും അദിതിയും ക്വാർട്ടറിൽ കടന്നിട്ടുണ്ട്. ജ്യോതിയും പർണീതും തമ്മിലാണ് ഒരു ക്വാർട്ടർ മത്സരം.
ഡോ. സോണി ജോൺ
(ഇന്ത്യൻ ടീമിനൊപ്പമുള്ള സ്പോർട്സ് സൈക്കോളജിസ്റ്റ്)