തിരുവനന്തപുരം > സമഗ്ര സിനിമാനയം തയ്യാറാക്കുന്നതിന് സിനിമയുടെ എല്ലാ മേഖലയിൽനിന്നുള്ളവരെയും ഉൾപ്പെടുത്തി രണ്ടുദിവസത്തെ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 15 വർഷംകൊണ്ട് രാജ്യത്തെ ചലച്ചിത്രകാരന്മാർ ഉറ്റുനോക്കുന്ന മേളയായി കേരളത്തിന്റെ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വച്ചിത്രമേളയ്ക്ക് മാറാൻ കഴിഞ്ഞു.
ചില ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നിയമപോരാട്ടങ്ങൾ നടത്തേണ്ടി വന്നു. ജെഎൻയു സമര പശ്ചാത്തലത്തിൽ വിഷയമായ ചിത്രത്തിനും ആനന്ദ് പട്വർധന്റെ ‘റീസൺ’ എന്ന ചിത്രത്തിനും ഹൈക്കോടതിയിൽ പോയി അനുമതി വാങ്ങിയാണ് മുൻ വർഷങ്ങളിൽ പ്രദർശിപ്പിച്ചത്. ചലച്ചിത്രകാരന്മാരുടെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും കൂടി പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ജനാധിപത്യ വേദിയാണ് മേളയെന്നും മന്ത്രി പറഞ്ഞു.