ന്യൂഡൽഹി > എല്ലാ കള്ളൻമാർക്കും മോദിയെന്ന് പേര് വന്നതെങ്ങനെയെന്ന പ്രസ്താവനയുടെ പേരിൽ ഖേദം പ്രകടിപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. ഈ കേസിൽ സൂറത്തിലെ വിചാരണക്കോടതി രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. കുറ്റക്കാരനാണെന്ന വിധിയും തടവും സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതിയും തള്ളി. ഇതേതുടർന്ന്, രാഹുൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീലിലാണ് അദ്ദേഹം പുതിയ സത്യവാങ്ങ്മൂലം സമർപ്പിച്ചിട്ടുള്ളത്.
ഖേദം പ്രകടിപ്പിക്കില്ലെന്ന കാര്യം നേരത്തെ അറിയിച്ചിട്ടുള്ളതാണെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും രാഹുൽ പുതിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. കേസിലെ പരാതിക്കാരനായ ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നേരത്തെ സുപ്രീംകോടതിയിൽ അധികസത്യവാങ്ങ്മൂലം നൽകിയിരുന്നു. രാഹുൽ മോദിയെന്ന് പേരുള്ള മുഴുവൻ ആൾക്കാരെയും അധിക്ഷേപിച്ചിട്ട് ഖേദം പ്രകടിപ്പിക്കാതെ ധാർഷ്ട്യം കാണിക്കുകയാണെന്ന് ഈ സത്യവാങ്മൂലത്തിൽ പൂർണേഷ്മോദി ആരോപിച്ചിരുന്നു.















