കവളങ്ങാട് > കവളങ്ങാട് പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. മൂന്ന് യുഡിഎഫ് വിമതരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. കോൺഗ്രസ് വിമതൻ സിബി മാത്യുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കോൺഗ്രസ് ധാരണപ്രകാരം നിലവിലെ പ്രസിഡന്റ് സൈജന്റ് ചാക്കോ സ്ഥാനം രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ യുഡിഎഫ് അഴിമതി ഭരണത്തോടുള്ള അതൃപ്തിയാണ് വിമത നീക്കത്തിന് പിന്നിൽ. ഇവരെ അംഗീകരിക്കാൻ സിബി മാത്യു, ലിസി ജോളി, ഉഷ ശിവൻ എന്നീ മൂന്ന് യുഡിഎഫ് അംഗങ്ങൾ തയ്യാറായില്ല. തുടർന്ന് എട്ട് എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ സിബി മാത്യു പ്രസിഡന്റാവുകയായിരുന്നു.
18 അംഗങ്ങളുള്ള പഞ്ചായത്തിൽ 11പേർ സിബി മാത്യുവിനും ആറുപേർ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയായ സൗമ്യ ശശിക്കും വോട്ട് രേഖപ്പെടുത്തി. മുസ്ലിം ലീഗിലെ രാജേഷ് കുഞ്ഞുമോന്റെ വോട്ട് അസാധുവായി. നിലവിലെ വൈസ് പ്രസിഡന്റ് സ്വതന്ത്രയായ ജിംസിയ ബിജുവിനെതിരെ മൂന്ന് യുഡിഎഫ് വിമതരുടെ പിന്തുണയോടെ അവിശ്വാസത്തിന് നിലവിൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. ആഗസ്റ്റ് 11 ന് അവിശ്വാസം ചർച്ചയ്ക്കെടുക്കും.















