തിരുവനന്തപുരം
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറും നിയമസഭാ സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമന് കേരളം ബുധനാഴ്ച വിടനൽകും. രാവിലെ 10.30ന് ആറ്റിങ്ങൽ വക്കത്തെ കുടുംബ വീട്ടുവളപ്പിൽ അദ്ദേഹത്തിന് അന്ത്യവിശ്രമമൊരുക്കും.ചൊവ്വ പകൽ തിരുവനന്തപുരം ഡിസിസി ഓഫീസിലും തുടർന്ന് കെപിസിസി ആസ്ഥാനത്തും മൃതദേഹം പൊതുദർശനത്തിനുവച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എ കെ ആന്റണി, തെന്നല ബാലകൃഷ്ണപിള്ള, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയവർ ചേർന്ന് കോൺഗ്രസ് പതാക പുതപ്പിച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രി ആന്റണി രാജു, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കെപിസിസി ഭാരവാഹികളായ എൻ ശക്തൻ, പഴകുളം മധു, ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് പാലോട് രവി, എംഎൽഎമാരായ സി കെ ആശ, സണ്ണി ജോസഫ്, എം വിൻസന്റ്, മോൻസ് ജോസഫ്, കെ കെ രമ, ജോബ് മൈക്കിൾ, നേതാക്കളായ വി എസ് ശിവകുമാർ, ശരത്ചന്ദ്ര പ്രസാദ്, വർക്കല കഹാർ, കെ മോഹൻകുമാർ, എം എ വാഹിദ്, എൻ പീതാംബരക്കുറുപ്പ്, ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ, ബിന്ദുകൃഷ്ണ, ഒ രാജഗോപാൽ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
പകൽ 1.30ന് ആറ്റിങ്ങൽ കച്ചേരിനടയിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വക്കത്തെ കുടുംബവീട്ടിലെത്തിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി വി ജോയി, ഒ എസ് അംബിക എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ ഷൈലജാ ബീഗം തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.