താനൂർ
ലഹരിക്കടത്ത് കേസിൽ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരൂരങ്ങാടി ചെമ്മാട് സ്വദേശി സാമി ജിഫ്രി (30)യാണ് മരിച്ചത്. ലഹരിവിൽപ്പന സംഘത്തെ പിടികൂടാൻ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം താനൂർ ദേവധാർ മേൽപ്പാലത്തിനുതാഴെനിന്ന് 18 ഗ്രാം എംഡിഎംഎയുമായി ഇയാളുൾപ്പെടെ അഞ്ചുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വ രാവിലെ കോടതിയിൽ ഹാജരാക്കാനിരിക്കേയാണ് മരണം.
അഞ്ചുപേർക്കും തിങ്കൾ രാത്രി ഭക്ഷണം നൽകി സെല്ലിലേക്ക് മാറ്റിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ നാലരയോടെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചപ്പോൾ കൂടെയുണ്ടായിരുന്നവർ പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മൂലക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിടികൂടിയ സമയത്തും ജിഫ്രി എംഡിഎംഎ ഉപയോഗിച്ചതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് അറിയിച്ചു.