ചവറ
മീൻപിടിത്തം കഴിഞ്ഞുവരികയായിരുന്ന ബോട്ട് നീണ്ടകര തുറമുഖത്തിന് സമീപം മുങ്ങി. ബോട്ടിലുണ്ടായിരുന്ന എട്ട് തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു. തെക്കുംഭാഗം ദളവാപുരം ലിറ്റിഭവനിൽ ലിയോൺസിന്റെ ഉടമസ്ഥതയിലുള്ള ലിറ്റിൽ ലിജോ എന്ന ബോട്ടാണ് മുങ്ങിയത്. ചൊവ്വ രാവിലെ 10.20ന് ഹാർബറിന് സമീപമുള്ള പമ്പിനോട് ചേർന്നായിരുന്നു അപകടം. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് തകർന്ന ബോട്ട് വെള്ളംകയറി പൂർണമായി മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഉടമ ലിയോൺസ്, ദളവാപുരം സ്വദേശികളായ ഫ്രാൻസിസ്, അഗസ്റ്റിൻ, തമ്പി, ജറോം, സദാനന്ദൻ, സുനിൽ, ബംഗാൾ സ്വദേശിയായ ശങ്കർ എന്നിവരെ സമീപത്തെ വള്ളത്തിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ഇവർ നീണ്ടകര താലൂക്കാശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.
കിളിമീൻ, കരിക്കാടി, കഴന്തൻ ഉൾപ്പെടെയുള്ള ചരക്കുമായിട്ടാണ് ബോട്ട് മുങ്ങിയത്. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബംഗാളുകാരനായ ശങ്കറിന്റെ എല്ലാ രേഖകളും നഷ്ട്ടമായി. ബോട്ട് ഉടമ ശക്തി കുളങ്ങര പൊലീസിൽ പരാതി നൽകി.