ദുബായ് > യുഎഇയിലെ ജുഡീഷ്യൽ സ്ഥാപനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച അഭിഭാഷകനെതിരെ അബുദാബിയിലെ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് നിയമനടപടികൾ സ്വീകരിച്ചു.
മകനെ അപമാനിച്ചതിന് പിതാവിനെതിരെ കോടതി നടപടിയെടുത്തു എന്ന് അവകാശപ്പെട്ടായിരുന്നു വീഡിയോ. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ശ്രദ്ധയിപ്പെട്ടത്തിനെ തുടർന്നുള്ള അന്വേഷണത്തിൽ കഥ കെട്ടിച്ചമച്ചതാണെന്നും അടിസ്ഥാനമില്ലാത്തതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തപ്പോൾ, കേസ് തികച്ചും സാങ്കൽപ്പികമാണെന്നും വസ്തുതാപരമല്ലെന്നും അഭിഭാഷകൻ സമ്മതിച്ചു.
സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കാനും അവയുടെ ആധികാരികത പരിശോധിക്കാനും അബുദാബിയിലെ പബ്ലിക് പ്രോസിക്യൂഷൻ സൊസൈറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം വീഡിയോകളുടെ ഉറവിടം പരിശോധിക്കാതെ വിവരങ്ങൾ റീപോസ്റ്റ് ചെയ്യുന്നതോ ഫോർവേഡ് ചെയ്യുന്നതോ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.
യുഎഇ നിയമപ്രകാരം ഇത്തരം നടപടികൾ ശിക്ഷാർഹമായ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2021 ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ (34) ലെ ആർട്ടിക്കിൾ 52 പ്രകാരം “കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും നേരിടുക” എന്ന നിയമത്തിന് അനുസൃതമായി പൊതു ക്രമത്തെ തടസ്സപ്പെടുത്താൻ സാധ്യതയുള്ള അടിസ്ഥാനരഹിതമായ കിംവദന്തികളുടെ വ്യാപനം തടയുന്നത്തിനായി നടപടിയെടുത്തതായി അധികൃതർ വ്യക്തമാക്കി. പൊതുജനാഭിപ്രായം ഉണർത്തുന്നതോ പ്രകോപിപ്പിക്കുന്നതോ ആയ ഏതെങ്കിലും പ്രകോപനപരമായ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്താൽ, കുറഞ്ഞത് ഒരു വർഷത്തെ തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷിക്കപ്പെടും,” എന്നാണ് ഡിക്രി അനുശാസിക്കുന്നത്.