ന്യൂഡൽഹി
കേന്ദ്ര ബജറ്റിൽ ചെലവഴിക്കുന്ന 100ൽ 40 രൂപയും കടമെടുത്താണെന്ന് ധനമന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കി. 45 ലക്ഷം കോടി രൂപയുടെ 2023-–- 24ലെ ബജറ്റിൽ 17.99 ലക്ഷം കോടിയും കടമാണെന്നും ഇത് ബജറ്റിന്റെ 40 ശതമാനം വരുമെന്നും വി ശിവദാസന് നൽകിയ മറുപടിയിൽ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ദേശീയപാത അതോറിറ്റിപോലെയുള്ള സ്ഥാപനങ്ങൾ എടുക്കുന്ന കടം ഇതിന്റെ പുറമെയാണ്. അത് സർക്കാരിന്റെ കടമായി കൂട്ടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, കേരളത്തിൽ കിഫ്ബി എടുക്കുന്ന കടവും സംസ്ഥാന സർക്കാരിന്റെ ബാധ്യതയായിട്ടാണ് കേന്ദ്രം പരിഗണിക്കുന്നത്.
മാസംതോറും ശരാശരി ഒന്നരലക്ഷം കോടിയോളം കടമെടുത്താണ് കേന്ദ്രത്തിന്റെ ചെലവുകൾ നടത്തുന്നത്. 2023 ഏപ്രിലിൽ എടുത്തത് 1.36 ലക്ഷം കോടി രൂപയാണ്. മെയ്–- 1.69 ലക്ഷം കോടി, ജൂൺ–- 1.36 ലക്ഷം കോടി, ജൂലൈ– -1.75 ലക്ഷം കോടി എന്നിങ്ങനെയാണ് ആഭ്യന്തരവിപണിയിൽനിന്നുമാത്രം കേന്ദ്ര സർക്കാർ എടുത്ത കടം. ആഗസ്ത്, -സെപ്തംബർ മാസങ്ങളിൽ 1.36 ലക്ഷം കോടിവീതം കടം എടുക്കും.