ന്യൂഡൽഹി
ഹരിയാനയിലെ നൂഹിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വർഗീയകലാപം തികച്ചും ആസൂത്രിതം. സംഘപരിവാർ സംഘടനകളായ വിഎച്ച്പിയും ബജ്റംഗദളും സംഘടിപ്പിച്ച ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്രയാണ് കലാപത്തിന് വഴിതെളിച്ചത്. പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മോനു മനേസർ എന്ന സംഘപരിവാർ പ്രവർത്തകന്റെ യാത്രയിലെ സാന്നിധ്യമാണ് പ്രകോപനപരമായത്. കലാപമുണ്ടാകണമെന്ന ലക്ഷ്യത്തോടെതന്നെ മോനു യാത്രയ്ക്ക് മുമ്പായി വീഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചു. യാത്രയിൽ താൻ പങ്കെടുക്കുമെന്നും എല്ലാവരും പങ്കാളികളാകണമെന്നും ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയില്‍ എത്തിയപ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മോനുവിന്റെ അനുയായികള്‍ ഉയർത്തിയത്. ഇവരെ തടയാൻ പൊലീസോ സംഘപരിവാർ നേതാക്കളോ ശ്രമിച്ചില്ല. മോനുവിന്റെ സാന്നിധ്യം പ്രകോപനത്തിന് കാരണമാകുമെന്നും നൂഹിൽ അനുമതി നൽകരുതെന്നും സ്ഥലം എംഎൽഎ ചൗധുരി അഫ്താബ് പൊലീസിനോട് അഭ്യർഥിച്ചിരുന്നു. ഇത് ചെവിക്കൊള്ളാതെ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള നൂഹിലൂടെ പ്രകോപനപരമായ യാത്രയ്ക്ക് പൊലീസ് അനുമതി നൽകി. മതിയായ സുരക്ഷ ഒരുക്കിയതുമില്ല.
സംഘർഷം തടഞ്ഞ് സമാധാനം ഉറപ്പാക്കേണ്ട സർക്കാർ സംവിധാനങ്ങളും പ്രകോപനപരമായാണ് പ്രതികരിച്ചത്. ക്ഷേത്രത്തിൽ മൂവായിരത്തോളം പേർ ബന്ദികളാക്കപ്പെട്ടുവെന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന കൂടുതൽ മേഖലകളിലേക്ക് കലാപം പടരുന്നതിന് വഴിയൊരുക്കി. ഡൽഹിയുടെ സമീപപ്രദേശങ്ങളിലെല്ലാം നിലവിൽ സംഘർഷസ്ഥിതിയാണ്. ഫലപ്രദമായ ഇടപെടൽ കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ കൂടുതൽ മേഖലകളിലേക്ക് കലാപം വ്യാപിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി കലാപങ്ങൾക്ക് സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നുണ്ട്. രാമനവമി ഘോഷയാത്രകളുടെയും മറ്റും മറവിൽ യുപി, ബിഹാർ, മധ്യപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ സംഘപരിവാർ സംഘടനകൾ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. വർഗീയകലാപങ്ങൾക്ക് സാധ്യത തീരെ കുറഞ്ഞ ഹിമാചൽ, ഉത്തരാഖണ്ഡ് എന്നീ ഹിമാലയൻ സംസ്ഥാനങ്ങളിൽപ്പോലും സമീപകാലത്ത് സംഘർഷങ്ങളുണ്ടായി.
ആരാണ് മോനു മനേസർ?
പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ മേവാത്തിലെ ഗോരക്ഷാ ഗുണ്ടാസംഘം നേതാവായ മോനു മനേസര്‍ എന്ന മോഹിത് യാദവിനെ (30) രാജസ്ഥാന് പൊലീസ് ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്.
ഗോരക്ഷകര്‍ ചമഞ്ഞ് ആക്രമണങ്ങളുടെ വീഡിയോകൾ പോസ്റ്റുചെയ്യുന്ന ഇയാളെ യുട്യൂബിലും ഫെയ്സ്ബുക്കിലും ആയിരക്കണക്കിന് സംഘപരിവാര്‍ അനുകൂലികള്‍ പിന്തുടരുന്നു. 2015ൽ ഹരിയാന സർക്കാർ രൂപീകരിച്ച ജില്ലാ പശുസംരക്ഷണ ദൗത്യസംഘത്തില്‍ ഇയാള്‍ അംഗമായിരുന്നു. നൂഹിലേക്കുള്ള ഘോഷയാത്രയിൽ താന്‍ പങ്കെടുക്കുന്നുണ്ടെന്നും യാത്ര ശക്തിപ്രകടനമാക്കി മാറ്റണമെന്നും ഇയാള്‍ ഏതാനും ദിവസങ്ങൾക്കു മുമ്പ് യുട്യൂബ് വീഡിയോ ഇറക്കി.