കളമശേരി
എംഎസ്എംഇ (മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) ഫെസിലിറ്റേഷൻ കൗൺസിലിനെ മൂന്ന് മേഖലകളാക്കിത്തിരിച്ച് വ്യവസായവകുപ്പ് ഉത്തരവിറക്കി. സർക്കാർ, പൊതു, സ്വകാര്യ മേഖലാസ്ഥാപനങ്ങൾക്ക് ചെറുകിട വ്യവസായികൾ നൽകുന്ന സാധനങ്ങളുടെ വില 45 ദിവസത്തിനകം ലഭിച്ചില്ലെങ്കിൽ പരാതി നൽകി തുക ഈടാക്കാൻ നിയമപരമായ അധികാരമുള്ള വേദിയാണ് എംഎസ്എംഇ ഫെസിലിറ്റേഷൻ കൗൺസിൽ. സംസ്ഥാന വ്യവസായ ഡയറക്ടറാണ് കൗൺസിൽ ചെയർമാൻ.
സംരംഭകരുടെ പരാതികൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് മൂന്ന് സോണുകൾ രൂപീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ സൗത്ത് സോണിലും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ സെൻട്രൽ സോണിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ നോർത്ത് സോണിലുമാണ് ഉൾപ്പെടുക. ഇവ സംസ്ഥാന കൗൺസിലിനുകീഴിലാണ് പ്രവർത്തിക്കുക.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രങ്ങളായിരിക്കും സോണുകളുടെ ആസ്ഥാനം. സംസ്ഥാന കൗൺസിലിൽ വ്യവസായ ഡയറക്ടർ ചെയർമാനും എസ്എൽബിസി കൺവീനർ, ലോ സെക്രട്ടറി, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളാകും. മേഖലാ കൗൺസിലിന്റെ ആസ്ഥാനത്തെ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ചെയർമാനും ലീഡ് ബാങ്ക് മാനേജർ, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ലോ ഓഫീസർ, കെഎസ്എസ്ഐഎയുടെ അതത് മേഖലയിലെ വൈസ് പ്രസിഡന്റുമാർ എന്നിവരും അംഗങ്ങളായിരിക്കും.
ഒരു കോടി രൂപവരെയുള്ള പരാതികൾ റീജണൽ കൗൺസിലും അധികമുള്ളവ സംസ്ഥാന കൗൺസിലും പരിഗണിക്കും. സംസ്ഥാന സർക്കാർ ഉത്തരവിനെ കേരള സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സ്വാഗതം ചെയ്തു. അസോസിയേഷന്റെ നിരന്തര ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്. സംരംഭകരുടെ പരാതികളിൽ തീർപ്പ് ഉണ്ടാക്കാൻ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ നിസാറുദീൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.