ന്യൂഡൽഹി> കിസാൻ സമൃദ്ധി കേന്ദ്രങ്ങളിൽനിന്ന് വളം വാങ്ങുമ്പോൾ സബ്സിഡിയോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെങ്കിലും കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നിർബന്ധം. രാജ്യമെങ്ങും വളം വിൽക്കുന്ന കടകളെ മോദിയുടെ ഫോട്ടോവച്ച് പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. എന്നാൽ, കർഷകർക്ക് പ്രത്യേക ഇളവൊന്നും ഇവിടെനിന്ന് നൽകുന്നില്ലെന്ന് രാസവളം മന്ത്രാലയം രാജ്യസഭയിൽ വി ശിവദാസന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഫോട്ടോയോടുകൂടിയ ബോർഡ് കിസാൻ സമൃദ്ധി കേന്ദ്രത്തിനു മുന്നിൽ സ്ഥാപിക്കേണ്ടത് നിർബന്ധമാണോ എന്ന ചോദ്യത്തിന് അതെ എന്ന് മന്ത്രാലയം മറുപടി നൽകി. വയ്ക്കേണ്ട ബോർഡിന്റെ ചിത്രവും മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോർഡിനുള്ള ചെലവ് വളംവിറ്റ ലാഭത്തിൽനിന്ന് ഫെർട്ടിലൈസർ കമ്പനികൾ കണ്ടെത്തണമെന്നും മറുപടിയിലുണ്ട്. ചുരുക്കത്തിൽ പ്രധാനമന്ത്രിയുടെ പടം വയ്ക്കാനുള്ള പണവും കർഷകരിൽനിന്ന് കമ്പനികൾ ഈടാക്കുകയാണ്. ദരിദ്രകർഷകരുടെ ചെലവിൽ ഫ്ലക്സ് അടിപ്പിച്ചു വയ്ക്കുന്ന പ്രചാരവേല പരിഹാസ്യമാണെന്ന് വി ശിവദാസൻ പറഞ്ഞു.