മംഗളൂരു> ഉഡുപ്പിയിൽ മൂന്ന് പാരാമെഡിക്കൽ വിദ്യാർത്ഥികൾ ശുചിമുറിയിൽ മൊബൈൽ കാമറ വെച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നതെന്നും ഈ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത് അപക്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവം കുട്ടിക്കളിയാണെന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പരാമർശത്തെ മുഖ്യമന്ത്രി ന്യായികരിച്ചു. മൂന്ന് പെൺകുട്ടികളുടെ പെരുമാറ്റത്തെയാണ് മന്ത്രി പരാമർശിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഒരു ഡിവൈഎസ്പിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത് കേസിന്റെ ഗൗരവം കണക്കിലെടുത്താണ്. കോളേജിലെ ശുചിമുറിയിൽ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പകർത്താൻ ഒളിക്യാമറകൾ ഉപയോഗിച്ചെന്ന വാർത്ത ദേശീയ വനിതാ കമ്മീഷൻ അംഗം കുശ്ബു സുന്ദർ നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ദക്ഷിണ കന്നഡയിൽ വർധിച്ചുവരുന്ന സദാചാരപോലീസിങ് സംഭവങ്ങളിൽ പ്രതികളോട് ദയ കാണിക്കില്ല. 2012ൽ ബെൽത്തങ്ങാടിയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 17 കാരിയായ സൗജന്യയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഞങ്ങൾ നിയമപരമായി അനുവദനീയമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് ശരിയായ രീതിയിൽ അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന പ്രത്യേക കോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയപ്പോൾ, താൻ ഇതുവരെ വിധിയിലൂടെ കടന്നുപോയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.