ന്യൂഡൽഹി> ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും രണ്ടുദിവസമായി തുടരുന്ന വർഗീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയർന്നു. മരിച്ചവരിൽ രണ്ട് ഹോംഗാർഡുകളും ഉൾപ്പെടും. ഡൽഹിക്ക് സമീപം ഗുഡ്ഗാവിൽ തിങ്കളാഴ്ച രാത്രി ഒരു പള്ളി അക്രമികൾ കത്തിച്ചു. പള്ളി ഇമാം വെടിയേറ്റ് മരിച്ചു. അക്രമസംഭവങ്ങളിൽ നിരവധി പൊലീസുകാരടക്കം നൂറിലേറെ പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
നൂഹിലെ സംഘർഷം വൈകാതെ തന്നെ ഗുഡ്ഗാവ്, ഫരീദാബാദ്, പൽവൽ തുടങ്ങി സമീപജില്ലകളിലേക്കും പടർന്നു. ഡൽഹിയിൽ നിന്ന് 45 കി.മീ മാത്രം മാറി ഗുഡ്ഗാവിലെ ബാദ്ഷാപ്പുരിൽ ചൊവ്വാഴ്ച പകൽ നാലുമണിക്ക് ഇരുന്നൂറോളം വരുന്ന അക്രമിസംഘം ആയുധങ്ങളുമായി ഇരച്ചുകയറി ആക്രമണം നടത്തി. ഒരു ഭക്ഷണശാലയ്ക്ക് തീയിട്ടു. ഇറച്ചികടകൾ അടക്കം നിരവധി കടകമ്പോളങ്ങൾ തകർത്തു. പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ സംഘം മണിക്കൂറുകളോളം പൊലീസിനെ അടക്കം വെല്ലുവിളിച്ച് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ആർക്കും പരിക്കുള്ളതായി റിപ്പോർട്ടുകളില്ല.
ഗുഡ്ഗാവ് സെക്ടർ 57 ലെ അൻജുമാൻ ജുമാമസ്ജിദിനാണ് തിങ്കളാഴ്ച രാത്രി അക്രമികൾ തീയിട്ടത്. പള്ളിക്ക് നേരെ അക്രമികൾ നടത്തിയ വെടിവെയ്പ്പിലാണ് ഇമാം കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് കൂടി പരിക്കുണ്ട്. പട്ടൗഡി, സോന, മനേസർ തുടങ്ങിയ സമീപപ്രദേശങ്ങളിലും സംഘർഷസ്ഥിതി തുടരുകയാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 44 കേസുകൾ എടുത്തതായി ഹരിയാന പൊലീസ് അറിയിച്ചു. എഴുപതിലേറെ പേർ അറസ്റ്റിലായിട്ടുണ്ട്. നൂഹ് അടക്കം നാല് ജില്ലകളിൽ ഇന്റർനെറ്റ് വിലക്കി. സംഘർഷമേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.
സംഘപരിവാർ സംഘടനകളായ ബജ്രംങ്ദളും വിഎച്ച്പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡൽ ജലാഭിഷേക് യാത്രയാണ് ഹരിയാനയിലെ നാല് ജില്ലകളെ കലാപത്തിലേക്ക് തള്ളിവിട്ടത്. പശുക്കടത്ത് ആരോപിച്ച് രണ്ടുയുവാക്കളെ ഫെബ്രുവരിയിൽ കൊലപ്പെടുത്തിയ മോനു മനേസർ എന്ന സംഘപരിവാർ പ്രവർത്തകന്റെ യാത്രയിലെ സാന്നിദ്ധ്യമാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. കൊലക്കേസ് പ്രതിയായിട്ട് കൂടി മോനുവിനെയും അനുയായികളെയും പൊലീസ് തടഞ്ഞില്ല. മാത്രമല്ല പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ന്യൂനപക്ഷ മേഖലകളിലൂടെ യാത്ര കടന്നുപോകാൻ പൊലീസ് അനുവദിക്കുകയും ചെയ്തു. യാത്രയിൽ പങ്കെടുത്ത രണ്ടായിരത്തോളം പേർ ക്ഷേത്രത്തിൽ ബന്ദികളാക്കപ്പെട്ടുവെന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയാണ് കൂടുതൽ മേഖലകളിലേക്ക് കലാപം പടർത്തിയത്.