തിരുവനന്തപുരം > നിർമ്മാണ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ത്രീഡി പ്രിന്റിംഗ് ടെക്നോളജി ഉപയോഗിച്ച് സംസ്ഥാനത്തെ ആദ്യത്തെ മാതൃക കെട്ടിടം നിർമ്മിക്കാനൊരുങ്ങി സംസ്ഥാന നിർമ്മിതി കേന്ദ്രം. ആഗസ്റ്റ് 2 ബുധനാഴ്ച്ച ഉച്ചക്ക് 12 ന് തിരുവനന്തപുരം പിടിപി നഗറിലുള്ള നിർമ്മിതി കേന്ദ്രം കാമ്പസിൽ വെച്ച് റവന്യു മന്ത്രി മന്ത്രി കെ. രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും.
ചെന്നൈ ഐഐടി ഇൻകുബേറ്റർ കമ്പനിയായ ത്വാസ്ത വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് 500 ചതുശ്ര അടിയുള്ള മാത്യക കെട്ടിടം നിർമ്മിക്കുന്നത്. വി കെ പ്രശാന്ത് എംഎൽഎ ആധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ മുഖ്യപ്രഭാഷണം നടത്തും. ത്വാസ്ത കമ്പനി സിഇഒ ആദിത്യ വി എസ് പദ്ധതി വിശദീകരിക്കും. സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗീസ്, ഡോ. റൂബി എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.