കോവളം > വിഴിഞ്ഞം മുക്കോലയിൽ കിണറിടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി സഹായധനം കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് നൽകുന്ന ധനസഹായത്തുകയാണ് കൈമാറിയത്. 2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെൽവിക്ക് മന്ത്രി കൈമാറി.
തിരുവനന്തപുരം എം ജി എം പബ്ലിക് സ്കൂളിന്റെ നല്ല പാഠം പദ്ധതിയുമായി ചേർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, എം വിൻസെന്റ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, അഡീഷണൽ ലേബർ കമ്മീഷണർ കെ എം സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
തമിഴ്നാട് തോവാളക്കടുത്ത് പെരുമാൾപുരം സ്വദേശിയായ വെങ്ങാനൂർ നീലകേശിറോഡ് നെല്ലിയറത്തലയിൽ മഹാരാജൻ മുക്കോലയിൽ കിണർ വൃത്തിയാക്കുന്നതിനിടെ ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് മണ്ണിടിഞ്ഞ് ഉള്ളിൽ അകപ്പെട്ടത്. ഏകദേശം 50 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിലാണ് മഹാരാജൻ്റെ മൃതശരീരം പുറത്തെടുത്തത്.
ധനസഹായം മന്ത്രി വി ശിവൻകുട്ടി മഹാരാജൻ്റെ കുടുംബത്തിന് കൈമാറുന്നു.















