മുംബൈ > ജയ്പൂർ – മുംബൈ സെൻട്രൽ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ നടത്തിയ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ട സംഭവം വിദ്വേഷ കൊലപാതകമെന്ന് സൂചന. തിങ്കളാഴ്ച പുലർച്ചയോടെയാണ് വെടിവെപ്പ് നടന്നത്. ആർപിഎഫ് കോൺസ്റ്റബിളായ ചേതൻ കുമാർ ചൗധരിയാണ് വെടിവെച്ചത്. സംഭവത്തിൽ ചേതൻ കുമാറിന്റെ സീനിയർ എഎസ്ഐ ടിക്കാറാം മീണയും 3 യാത്രക്കാരും കൊല്ലപ്പെട്ടു. ട്രെയിനിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ചേതൻ കുമാറിനെ മുംബൈ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊലയ്ക്കു പിന്നിലുള്ള യഥാർഥ കാരണം വ്യക്തമായിരുന്നില്ലെങ്കിലും വിദ്വേഷ കൊലപാതകമാണെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സീനിയർ ഓഫീസർ ടിക്കാറാം മീണയെയാണ് ചേതൻ കുമാർ ആദ്യം വെടിവെച്ചത്. സമുദായത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് നടന്നതായും അതിനുശേഷമാണ് ചേതൻ ടിക്കാറാമിനെ വെടിവെച്ചതെന്നും ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പട്ടികവർഗ വിഭാഗത്തിലുൾപ്പെട്ട വ്യക്തിയാണ് മീണ. ശേഷമാണ് മറ്റു കോച്ചുകളിലേക്ക് ചെന്ന് യാത്രക്കാരെ വെടിവെക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ടിക്കാറാമിനെ വെടിവെച്ച ശേഷം ഇയാൾ അതേ കോച്ചിലെ(B- 5) യാത്രക്കാരനായ അബ്ദുൾ കാദർഭായ് ബൻപുർവാലയെ വെടിവെച്ചു. ശേഷം പാൻട്രി ചെയറിലെ യാത്രക്കാരനായ സർദാർ മൊഹമ്മദ് ഹുസൈനെ കൊലപ്പെടുത്തി. തുടർന്ന് 2 കോച്ചുകൾ കടന്ന് S-6 ലെ അസ്ഗർ അബ്ബാസ് ഷെയ്ഖിനെ വെടിവെച്ചു. നാലാമത്തെ കൊലപാതകത്തിനു ശേഷം ചേതൻ വെടിവെക്കാനുപയോഗിച്ച തോക്ക് സീറ്റിൽ വെച്ച ശേഷം മുസ്ലീം വിരുദ്ധ സംഭാഷണം നടത്തി, റെക്കോർഡ് ചെയ്യാൻ യാത്രക്കാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ടിക്കാറാമിനെ വെടിവെച്ച ശേഷം മുസ്ലീം മതവിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്ന് തിരിച്ചറിഞ്ഞവരെ മാത്രമാണ് ഇയാൾ കൊലപ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ചേതന്റെ വീഡിയോയിലും മുസ്ലീം വിരുദ്ധത പ്രകടമാണ്.
“അവർ പാകിസ്ഥാനിൽനിന്നാണ് പദ്ധതികൾ തയ്യാറാക്കുന്നത്. ഇതാണ് മാധ്യമങ്ങൾ കാണിക്കുന്നത്. അവർ കണ്ടെത്തിയിരുന്നു, അവർക്കെല്ലാമറിയാം.ഇവരുടെ നേതാക്കൾ എല്ലാം അവിടെയാണ്. നിങ്ങൾക്ക് വോട്ട് ചെയ്യണമെങ്കിൽ, ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ, എങ്കിൽ ഞാൻ പറയുന്നു.. മോദിയും യോഗിയും, ഇവരാണ് ആ രണ്ടുപേർ, ഒപ്പം നിങ്ങളുടെ താക്കറേയും” ഇങ്ങനെയാണ് വീഡിയോയിൽ ചേതൻ പറയുന്നത്.
എന്നാൽ പെട്ടെന്ന് ദേഷ്യം വന്ന ചേതൻ സീനിയർ ഓഫീസറെ വെടിവെച്ച ശേഷം മുന്നിൽ വന്നവരെ വെടിവെയ്ക്കുകയായിരുന്നു എന്നാണ് ചീഫ് സെക്യൂരിറ്റി കമീഷണർ പി സി സിൻഹ പറയുന്നത്.