തിരുവനന്തപുരം> ആശുപത്രികളെ എൽജിബിടി ക്വിയർ സൗഹൃദമാക്കുന്ന പദ്ധതിയുമായി ആരോഗ്യവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ക്വിയർ വിഭാഗക്കാരുടെ അവകാശം സംരക്ഷിച്ച് ആരോഗ്യസേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പദ്ധതി നടപ്പാക്കും. ജനറൽ ആശുപത്രി ജീവനക്കാർക്ക് പരിശീലനം തുടങ്ങി. ഘട്ടം ഘട്ടമായി എല്ലായിടത്തേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഒപി ടിക്കറ്റ് എടുക്കുന്നതുമുതൽ ഡോക്ടറുടെ സേവനം ലഭിക്കുന്നതുവരെയുള്ള നടപടിക്ക് പ്രത്യേക സൗകര്യം ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുക. ട്രാൻസ്ജെൻഡർ, ഗേ, ലെസ്ബിയൻ തുടങ്ങി നിരവധി വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് എൽജിബിടി ക്വിയർ സമൂഹം.
സഹായത്തിന് ട്രാൻസ്ജെൻഡർ കമ്യൂണിറ്റി ലിങ്ക് വർക്കർമാർ
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ട്രാൻസ്ജെൻഡർ കമ്യൂണിറ്റി ലിങ്ക് വർക്കർ (സിഎൽഡബ്ല്യു) പദ്ധതി ആരംഭിച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിനും ആരോഗ്യസംവിധാനത്തിനും ഇടയിലുള്ള കണ്ണിയായി ഇവർ പ്രവർത്തിക്കും.
ട്രാൻസ്ജെൻഡർ വിഭാഗത്തിന് ചരിത്രത്തിൽ ആദ്യമായി നഴ്സിങ് മേഖലയിൽ സംവരണം അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടതും അടുത്തിടെയാണ്. ബിഎസ്സി നഴ്സിങ്, ജനറൽ നഴ്സിങ് വിഭാഗത്തിലായി ഓരോ സീറ്റാണ് സംവരണം.