കൊച്ചി> ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലമിന്റെ കസ്റ്റഡി അപേക്ഷ ജില്ലാ പോക്സോ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കസ്റ്റഡിയിൽ വാങ്ങിയശേഷം പൊലീസ് വിശദമായ തെളിവെടുപ്പ് നടത്തും. കൊലപാതകം അന്വേഷിക്കാൻ എറണാകുളം റൂറൽ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.
ചൊവ്വ രാവിലെ ഒമ്പതിന് ആലുവ സബ് ജയിലിൽ തിരിച്ചറിയൽ പരേഡിന് ഹാജരാകാൻ സാക്ഷികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. കൊലപാതകശേഷം വൈകിട്ട് 5.33ന് മാർക്കറ്റിൽനിന്ന് പുറത്തേക്കിറങ്ങിവന്ന അസ്ഫാക് ആലമിനെ കണ്ടയാൾ, കെഎസ്ആർടിസി ബസിലെ ഡ്രൈവർ, കണ്ടക്ടർ, താമസസൗകര്യം ഒരുക്കിയ അസം സ്വദേശി ഗുൽജാർ ഹുസൈൻ എന്നിവർ തിരിച്ചറിയൽ പരേഡിനുണ്ടാകും. അസ്ഫാക് കുട്ടിയുമായി നടന്നുപോകുന്നത് ആദ്യം കണ്ടത് ഗുൽജാറാണ്. തിരിച്ചറിയൽ പരേഡിനുശേഷം വിശദമായ സാക്ഷിമൊഴി രേഖപ്പെടുത്തും.
കുറ്റകൃത്യത്തിനുശേഷം കൈ കഴുകി
കൊലപാതകശേഷം അസ്ഫാക് ആലം ആലുവ മാർക്കറ്റിലെ ടാപ്പിൽ കൈ കഴുകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. മാർക്കറ്റിനുള്ളിലെ പച്ചക്കറിക്കടയിലെ സിസിടിവിയിൽനിന്നാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്. പ്രതി വെള്ളി വൈകിട്ട് 5.30നുമുമ്പ് കൊലപാതകം നടത്തിയതായാണ് പൊലീസ് നിഗമനം. ഇതിനുശേഷം പുറത്തേക്ക് വരുമ്പോഴുള്ള ദൃശ്യമാണ് ലഭിച്ചത്.