കൊല്ലം> ഡോ. വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ മെയ് 10ന് പുലർച്ചെ 4.30നായിരുന്നു ദാരുണമായ കൊലപാതകം. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥിനിയും താലൂക്കാശുപത്രിയിലെ ഹൗസ് സർജനുമായ വന്ദനദാസിനെ (25) പൊലീസ് ചികിത്സയ്ക്ക് എത്തിച്ച സന്ദീപ് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സന്ദീപിനൊപ്പമെത്തിയ ബന്ധു രാജേന്ദ്രൻപിള്ള, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ബിനു, പൊലീസ് ഉദ്യോഗസ്ഥരായ ബേബി മോഹൻ, മണിലാൽ, അലക്സ് എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
നേരത്തെ ആക്രമണ സ്വഭാവമുള്ള സന്ദീപിനെതിരെ എല്ലാതെളിവുകളും ശേഖരിച്ചശേഷമാണ് 83 –-ാം ദിവസം അന്വേഷകസംഘം കുറ്റപത്രം സമർപ്പിക്കുന്നത്. വന്ദനദാസിന്റെ രക്തം പ്രതി സന്ദീപിന്റെ വസ്ത്രങ്ങളിൽ ഉണ്ടെന്ന ശാസ്ത്രീയ പരിശോധനാ ഫലവും മറ്റു നിർണായക തെളിവുകളുടെ പരിശോധനാഫലവും അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്. നിരീക്ഷണ കാമറാ ദ്യശ്യങ്ങളിൽ നിന്നുള്ള തെളിവുകളും ലഭിച്ചു. സർജിക്കൽ കത്രിക ഉപയോഗിച്ചാണ് കുത്തിയതെന്ന് കണ്ടെത്തി. 17 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. പൊലീസുകാരും ഹോംഗാർഡും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ ദൃക്സാക്ഷികളുടെയും നൂറിലേറെ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. സന്ദീപിന്റെ ശാരീരിക മാനസികാവസ്ഥ പരിശോധിച്ച ഡോക്ടർമാരുടെ റിപ്പോർട്ടുകളും അന്വേഷകസംഘത്തിന് ലഭിച്ചു. കേസിൽ അതിവേഗ വിചാരണ ഉറപ്പാക്കാനാണ് അന്വേഷക സംഘം ശ്രമിക്കുന്നത്.
ഡോ. വന്ദനദാസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ സഹായം നൽകിയിരുന്നു. കൊട്ടാരക്കര താലൂക്കാശുപത്രി ബ്ലോക്കിന് വന്ദനദാസിന്റെ പേരുനൽകി. കേരള ആരോഗ്യ സർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നൽകി. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛനമ്മമാർ നൽകിയ ഹർജി ഹൈക്കോടതി 17ന് പരിഗണിക്കും.