തിരുവനന്തപുരം> കേരള സ്വകാര്യവനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് ഗവർണർ അനുമതി നൽകി. നിയമസഭ പാസാക്കിയവയിൽ അനുമതി ലഭിക്കാതിരുന്ന ബില്ലുകളിൽ ഒന്നായിരുന്നു ഇത്. 2020 മേയിൽ ആദ്യം ഓർഡിനൻസ് പുറപ്പെടുവിക്കുകയും പിന്നീട് ആറുതവണ ഓർഡിനൻസ് പുനർവിളംബരം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നെങ്കിലും അതിന് പകരമുള്ള ബിൽ നിയമസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല.
സുപ്രീംകോടതി വിധിപ്രകാരം സ്വകാര്യ വനഭൂമിയുടെ കാര്യത്തിലും ഭൂപരിഷ്കരണ നിയമപ്രകാരം നൽകിയ പട്ടയം, ആധികാരിക രേഖയാണെന്ന് വിധിച്ചിരുന്നു. 20,000 ഹെക്ടർ നിബിഡ സ്വകാര്യ വനഭൂമി നഷ്ടപ്പെടുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമനിർമാണത്തിന് സർക്കാർ തീരുമാനിച്ചത്. സ്വകാര്യ വനഭൂമി ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ 1971-ലെ സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കൽ നിയമപ്രകാരമുള്ള ഫോറസ്റ്റ് ട്രിബ്യൂണലുകൾക്കാണ് അധികാരം. ഭൂപരിഷ്കരണ നിയമപ്രകാരം ജന്മി-, കുടിയാൻ ബന്ധമുള്ള കേസുകളിൽ മാത്രമാണ് പട്ടയം നൽകാവുന്നത്. അതിനു മാത്രമാണ് ലാൻഡ് ട്രിബ്യൂണലുകൾക്ക് അധികാരമുള്ളത്. വനഭൂമിക്ക് പട്ടയം നൽകാൻ ലാൻഡ് ട്രിബ്യൂണലുകൾക്ക് അധികാരമില്ല. ഈ വ്യവസ്ഥ നിലനിൽക്കെയായിരുന്നു സുപ്രീംകോടതിയുടെ വ്യാഖ്യാനം വന്നത്.
സ്വകാര്യ വനഭൂമിക്ക് ഭൂപരിഷ്കരണ നിയമപ്രകാരം പട്ടയം നൽകുന്നത് നിലനിൽക്കില്ല എന്നതാണ് സർക്കാർ നിലപാട്. പട്ടയം മറ്റ് രേഖകൾക്കും തെളിവുകൾക്കും ഒപ്പം ഒരു രേഖയായി പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയമനിർമാണം നടത്തിയിട്ടുള്ളത്. 50 സെന്റ് വരെയുള്ള ഭൂമിയിൽ വീടുവച്ച് താമസിച്ചിരുന്ന ചെറുകിട ഭൂവുടമകളെ മാനുഷിക പരിഗണന നൽകി നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി, അവരുടെ ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കുന്നത് ഒഴിവാക്കുന്നതിനും ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭേദഗതി നിയമത്തിന് 10–-05–-1971 മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്. സ്വകാര്യ വനഭൂമി സംരക്ഷിക്കുന്നതിനുള്ള വലിയൊരു കാൽവയ്പാണ് ഇതെന്നും ചെറുകിട ഭൂ ഉടമകളെ ഒഴിവാക്കിയത് സാധാരണക്കാർക്ക് ആശ്വാസമാകുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.