തിരുവനന്തപുരം> നിർണായക ജ്വലനത്തിന്റെ കരുത്തിൽ ചാന്ദ്രയാൻ 3 നേരെ ചന്ദ്രനിലേക്ക് കുതിച്ചു. ഇനിയുള്ള യാത്ര ഏറെ സങ്കീർണം. ഉൽക്കാപതനവും ഗുരുത്വാകർഷണവും ഭീഷണിയാകുന്ന പാതയിൽ സാങ്കേതികവിദ്യയുടെ മികവിലാകും പേടകം സഞ്ചരിക്കുക. 3.69 ലക്ഷം കിലോമീറ്റർ പിന്നിട്ട് ശനിയാഴ്ച പേടകം ചാന്ദ്രവലയത്തിലേക്ക് കടക്കും.
ദീർഘവൃത്തപഥത്തിൽ ഭൂമിയെ ചുറ്റുന്ന പേടകത്തെ തിങ്കൾ അർധരാത്രിക്കുശേഷമാണ് ചന്ദ്രനിലേക്ക് തൊടുത്തുവിട്ടത്. ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രം ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്ക് (ഇസ്ട്രാക്ക്) ചൊവ്വ പുലർച്ചെ 12.02ന് ‘ട്രാൻസ് ലൂണാർ ഇഞ്ചക്ഷനു’ള്ള കമാൻഡ് അയച്ചു. 1,27,609 കിലോമീറ്ററിൽനിന്ന് പഥത്തിൽ 284 കിലോമീറ്റർ അടുത്തെത്തിയപ്പോഴായിരുന്നു ഇത്.
ട്രാക്കിങ് സ്റ്റേഷനായ ഫ്രഞ്ച് ഗയാനയിലെ കുറുവിന് മുകളിൽവച്ച് കമാൻഡ് സ്വീകരിച്ച ചാന്ദ്രയാൻ കൃത്യതയോടെ ത്രസ്റ്റർ ജ്വലിപ്പിച്ചു. പേടകം ഭൂമിയുടെ ആകർഷണവലയം ഭേദിക്കാനുള്ള കുതിപ്പ് തുടങ്ങി. 20.44 മിനിട്ട് 180 കിലോഗ്രാം ഇന്ധനം ഉപയോഗിച്ചു. ചൊവ്വ വൈകിട്ടോടെ പൂർണമായി ഭൂഗുരുത്വാകർഷണ വലയം കടന്ന് ചന്ദ്രനിലേക്കുള്ള ദീർഘവഴിയിലാകും. ഇനിയുള്ള ദിവസങ്ങളിൽ ത്രസ്റ്ററുകൾ പലതവണ ജ്വലിപ്പിച്ച് പാത തിരുത്തും. ചന്ദ്രന്റെ ആകർഷണത്തിലേക്ക് കടക്കുംമുമ്പ് പേടകത്തിന്റെ വേഗം കുറയ്ക്കും. 172 –- 18, 058 കിലോമീറ്റർ ദീർഘവൃത്ത പഥത്തിലാകും ആദ്യ ദിനങ്ങളിൽ ചന്ദ്രനെ ചുറ്റുക. പിന്നീട് നാല് ദിവസങ്ങളിലായി പഥം താഴ്ത്തി നൂറുകിലോമീറ്ററിൽ എത്തിക്കും. 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യിക്കുകയാണ് ലക്ഷ്യം. പേടകത്തെ വഴിതിരിക്കുന്ന പ്രക്രിയക്ക് നേതൃത്വം നൽകാൻ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻനായർ, എൽപിഎസ്സി ഡയറക്ടർ ഡോ. വി നാരായണൻ തുടങ്ങിയവർ ഇസ്ട്രാക്കിൽ എത്തിയിരുന്നു.