മെൽബൺ> ക്യാനഡയെ നാല് ഗോളിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ വനിതാ ഫുട്ബോൾ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. ലോകകപ്പിലെ ഏറ്റവും മികച്ച ജയമാണ് ആതിഥേയർ നേടിയത്. ഗ്രൂപ്പ് ബിയിൽനിന്ന് ഒന്നാംസ്ഥാനക്കാരായാണ് മുന്നേറ്റം. റിപ്പബ്ലിക് ഓഫ് അയർലൻഡുമായി ഗോളടിക്കാതെ പിരിഞ്ഞ നൈജീരിയ രണ്ടാംസ്ഥാനക്കാരായി മുന്നേറി. ക്യാനഡയും അയർലൻഡും പുറത്തായി.
നൈജീരിയയോടുള്ള തോൽവിയിൽ ചിതറിപ്പോയ ഓസ്ട്രേലിയ തകർപ്പൻ തിരിച്ചുവരാണ് നടത്തിയത്. ക്യാനഡയ്ക്കെതിരെ ഹെയ്ലി റാസോ ഇരട്ടഗോളടിച്ചു. മേരി ഫ്ളവറും സ്റ്റീഫ് കാറ്റ്ലിയും ലക്ഷ്യം കണ്ടു. സൂപ്പർതാരം സാം കെർ ഇല്ലാതെയാണ് ഓസ്ട്രേലിയ കളത്തിലിറങ്ങിയത്. എന്നാൽ, ആ അഭാവം റാസോ അറിയിച്ചില്ല. കാറ്റ്ലിയുടെ ക്രോസിൽനിന്നായിരുന്നു ആദ്യഗോൾ. ഇടവേളയ്ക്ക് പിരിയുംമുമ്പ് ഈ റയൽ മാഡ്രിഡ് താരം നേട്ടം രണ്ടാക്കി. ഇടവേളയ്ക്കുശേഷം ഫ്ളവർ ഓസ്ട്രേലിയക്ക് മൂന്നാംഗോൾ സമ്മാനിച്ചുു. അവസാന നിമിഷം കാറ്റ്ലി പെനൽറ്റിയിലൂടെ ജയം പൂർത്തിയാക്കി.
അവസാന കളിയിൽ ഓസ്ട്രേലിയക്കെതിരെ 3–-2ന്റെ ആവേശജയം നേടിയ നൈജീരിയക്ക് അയർലൻഡിനെതിരെ ലക്ഷ്യം കാണാനായില്ല. ഇത് മൂന്നാംതവണയാണ് ആഫ്രിക്കൻ ടീം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ കടക്കുന്നത്. അയർലൻഡിനെതിരെ കിട്ടിയ സുവർണാവസരം അസിസാത് ഒഷോയല പാഴാക്കുകയായിരുന്നു. ഉച്ചെന്ന കാനുവിന്റെ ഗോൾശ്രമം അയർലൻഡ് ഗോൾ കീപ്പർ കേട്ണി ബ്രോസ്നൻ കുത്തിയകറ്റി. അയർലൻഡിന് ലോകകപ്പിലെ ആദ്യ പോയിന്റാണ് കിട്ടിയത്. കന്നി ലോകകപ്പായിരുന്നു. ഓസ്ട്രേലിയയോടും ക്യാനഡയോടും പൊരുതിയാണ് തോറ്റത്.