ടറൗബ> ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ പരീക്ഷണങ്ങൾ തുടരാൻ ഇന്ത്യൻ ടീം. വെസ്റ്റിൻഡീസിനെതിരായ മൂന്നാംഏകദിനത്തിലും ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും കളിച്ചേക്കില്ല. മൂന്നുമത്സര പരമ്പരയിൽ ഇരു ടീമുകളും ഓരോകളി ജയിച്ചു.
ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട സൂര്യകുമാറിന് വീണ്ടും അവസരം നൽകാനാണ് സാധ്യത. രണ്ടാംഏകദിനത്തിൽ ഒമ്പത് റണ്ണെടുത്ത് പുറത്തായ മലയാളിതാരം സഞ്ജു സാംസണ് ലോകകപ്പിനുമുമ്പ് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസാന വേദികൂടിയാണ്. ഏഷ്യാകപ്പിന് പരിഗണിക്കണമെങ്കിൽ വലിയൊരു ഇന്നിങ്സ് കാഴ്ചവയ്ക്കേണ്ടിവരും. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ച മട്ടാണ്. ബാറ്റിങ് ദുഷ്കരമായ ബാർബഡോസ് പിച്ചിൽ രണ്ട് അരസെഞ്ചുറികളാണ് ഇടംകൈയൻ സ്വന്തം പേരിലാക്കിയത്. ഇന്ത്യൻ ടീമിൽ മറ്റാർക്കും തിളങ്ങാനായിട്ടില്ല. ബൗളർമാരിൽ സ്പിന്നർമാരായ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ഇന്ന് നിർണായകമാകും.
മറുവശത്ത് 2006നുശേഷം ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പരയും നേടാനാകാത്ത വിൻഡീസിന് ഇക്കുറി മികച്ച അവസരമാണ്. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ മികച്ച പ്രകടനമാണ് അവരുടെ കരുത്ത്. ബൗളർമാരായ റൊമാരിയോ ഷെപേർഡും ഗുദകേഷ് മോട്ടിയും അൽസാരി ജോസഫും ഇന്ത്യൻ ബാറ്റർമാരെ വിഷമിപ്പിച്ചു. ടറൗബയിലെ ബ്രയാൻ ലാറ സ്റ്റേഡിയം ആദ്യമായാണ് ഏകദിനത്തിന് വേദിയാകുന്നത്. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചായിരിക്കും ഇത്.
പരമ്പരയിൽ അഞ്ച് ട്വന്റി 20യുമുണ്ട്. ആദ്യകളി വ്യാഴാഴ്ചയാണ്.