വെല്ലിങ്ടൺ> ഏഷ്യൻ കരുത്തിനുമുന്നിൽ യൂറോപ്യൻ വമ്പൻമാരായ സ്പെയ്ൻ നമിച്ചു. വനിതാ ഫുട്ബോൾ ലോകകപ്പിൽ നാല് ഗോളിനാണ് ജപ്പാൻ സ്പെയ്നിനെ തകർത്തുവിട്ടത്. ജപ്പാൻ ഗ്രൂപ്പ് സി ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ കടന്നു. സ്–പെയ്നും പ്രീ ക്വാർട്ടർ ഉറപ്പാക്കിയിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സാംബിയ കോസ്റ്ററിക്കയെ 3–-1ന് തോൽപ്പിച്ച് ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി. ഇരു ടീമുകളും കളിക്കിറങ്ങുംമുമ്പെ പുറത്തായതാണ്.
ജപ്പാന്റെ വേഗതയാണ് സ്പെയ്നിന്റെ താളംതെറ്റിച്ചത്. പുരുഷ ലോകകപ്പിലും ജപ്പാൻ സ്പെയ്നിനെതിരെ ചരിത്രജയം കുറിച്ചിരുന്നു. 2–-1നായിരുന്നു ജയം.
സ്പെയ്നിന്റെ പതിവുതന്ത്രമായ പന്തിന്മേൽ നിയന്ത്രണം നേടിയുള്ള കളിയെ ജപ്പാൻ തകർത്തുവിട്ടു. 2011ലെ ചാമ്പ്യൻമാരായ ജപ്പാൻ ഈ ലോകകപ്പിലും അസാമാന്യ പ്രകടനമാണ് പുറത്തെടുക്കുന്നത്. മൂന്ന് കളിയിൽ അടിച്ചുകൂട്ടിയത് 11 ഗോൾ. ഒരു ഗോളും വഴങ്ങിയില്ല. സാംബിയയെ അഞ്ച് ഗോളിന് തീർത്താണ് തുടങ്ങിയത്. രണ്ടാംകളിയിൽ കോസ്റ്ററിക്കയെ 2–-0ന് മറികടന്നു.
സ്പെയ്നിനെതിരെ മനോഹരമായ പ്രത്യാക്രമണ കളിയായിരുന്നു ജപ്പാന്. പന്തിന്മേൽ 23 ശതമാനംമാത്രമായിരുന്നു നിയന്ത്രണം. എന്നാൽ, കിട്ടിയ അവസരങ്ങളിൽ ആഞ്ഞടിച്ചു. ജപ്പാന്റെ വേഗത്തിനുമുന്നിൽ സ്പാനിഷ് പ്രതിരോധത്തിന് പിടിച്ചുനിൽക്കാനായില്ല. പലപ്പോഴും അവർ ഓടിത്തളർന്നു.
കളി തുടങ്ങി 12–-ാംമിനിറ്റിൽ ജപ്പാന്റെ ഗോളെത്തി. വിങ് ബാക്ക് ജുൺ എൻഡോ തൊടുത്ത ക്രോസ് സ്പാനിഷ് പ്രതിരോധത്തിനുമുന്നിലേക്ക്. വലതുഭാഗത്ത് ഓടിയെത്തിയ ഹിനാറ്റ മിസായാവ പ്രതിരോധത്തെ ഒന്നടങ്കം നിഷ്പ്രഭമാക്കി അടിതൊടുത്തു. 20 മിനിറ്റിനുള്ളിൽ അടുത്ത ഗോളെത്തി. ഇക്കുറി കിടിലൻ പ്രത്യാക്രമണം. ഐറിൻ പരദേസ് നയിക്കുന്ന പ്രതിരോധത്തെ കുഴപ്പത്തിലാക്കി മിയാസാവയും റിക്കോ ഉയേക്കിയും കുതിച്ചു. ബോക്സിന് തൊട്ടുമുന്നിൽവച്ച് മിസായാവ ഉയേക്കിക്ക് പന്ത് നൽകി. ബോക്സിനുള്ളിൽ കടന്ന ഉയേക്കി വലംകാൽകൊണ്ട് പന്തടിച്ചു. സ്പാനിഷ് ഗോൾകീപ്പർ മിസ റോഡ്രിഗസിന് ഒന്നുംചെയ്യാനായില്ല.
ആദ്യപകുതി അവസാനിക്കുന്നതിന് അഞ്ച് മിനിറ്റുമുമ്പ് മൂന്നാംഗോളെത്തി. ആ സമയം സ്പെയ്നിന് പന്തിന്മേൽ 77 ശതമാനം നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ, സൂപ്പർ താരം അലെക്സിയ പുറ്റെല്ലാസ് ഉൾപ്പെട്ട സ്പാനിഷ് നിരയ്ക്ക് ഗോളിലേക്ക് വഴി മറന്നു. മിയാസാവയുടെ ഇരട്ടഗോളിലാണ് ജപ്പാൻ ലീഡുയർത്തിയത്. ഇരുപത്തിമൂന്നുകാരിയുടെ ലോകകപ്പിലെ നാലാംഗോൾ. ഇക്കുറി ഉയേക്കി അവസരമൊരുക്കി. ഇടവേള കഴിഞ്ഞിട്ടും സ്പെയ്ൻ മുന്നേറ്റനിര ചലനമില്ലാതെ കിടന്നു. ജപ്പാൻ പകരക്കാരി മിന ടനാക്കയുടെ മനോഹര ഗോളിൽ ജയം പൂർത്തിയാക്കുകയും ചെയ്തു. പ്രീ ക്വാർട്ടറിൽ ജപ്പാന് നോർവെയാണ് എതിരാളി. സ്പെയ്ൻ സ്വിറ്റ്സർലൻഡിനെ നേരിടും.















