തിരുവനന്തപുരം > ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളജിൽ ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. 2030 ഓടെ ഹെപ്പറ്റൈറ്റിസ് ലോകത്ത് നിന്നു നിവാരണം ചെയ്യുക എന്ന സുസ്ഥിരവികസന ലക്ഷ്യത്തിലെത്തുന്നതിനായി പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വർധന തടയുകയും ഹെപ്പറ്റൈറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണമെന്നു മന്ത്രി പറഞ്ഞു. ഈ ലക്ഷ്യം നേടാൻ ജനനത്തിൽ തന്നെ എല്ലാ കുഞ്ഞുങ്ങൾക്കും ഹെപ്പറ്റൈറ്റിസ് ബി-യ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പും തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന സ്വാഗതം പറഞ്ഞ ചടങ്ങിൽ തൈക്കാട് വാർഡ് കൗൺസിലർ ജി മാധവദാസ് അധ്യക്ഷത വഹിച്ചു. കുടുംബക്ഷേമ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷി, പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. കെ സക്കീന, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടർ ഡോ. ആർ ശ്രീലത, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, നാഷണൽ വൈറൽ ഹെപ്പറ്റൈറ്റിസ് കൺട്രോൾ പ്രോഗ്രാം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ഹരികുമാർ എസ്., തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. അജിത്ത് കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. എം അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി പപ്പറ്റ് ഷോ സംഘടിപ്പിച്ചു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജി കൺസൾട്ടന്റ് ഡോ. പൊന്നി കൃഷ്ണൻ ഹെപ്പറ്റൈറ്റിസ് രോഗബാധയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും വിശദീകരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി രോഗബാധാ പരിശോധന ക്യാമ്പും കോളജിൽ സംഘടിപ്പിച്ചു.