മയ്യിൽ (കണ്ണൂർ)> മിത്തുകളെ ചരിത്രമായി കാണാൻ പാടില്ല എന്നതാണ് സിപിഐ എമ്മിന്റെ വ്യവസ്ഥാപിത നിലപാടെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മിത്തുകളെ സ്വപ്നവും സങ്കൽപ്പവുമായി കാണണം. ചരിത്രം വസ്തുനിഷ്ഠ യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ടതാണ്. ശാസ്ത്രം ശാസ്ത്രമായി പഠിപ്പിക്കണമെന്നത് ഹിന്ദുവിരുദ്ധ നിലപാടാണെന്ന് പ്രചരിപ്പിക്കുന്നത് അസംബന്ധമാണ്. മയ്യിൽ ചെക്യാട്ടുകാവിൽ പി വി കൃഷ്ണൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ.
കമ്യൂണിസ്റ്റുകാർ വിശ്വാസികൾക്ക് എതിരായ നിലപാട് സ്വീകരിക്കുന്നവരല്ല. വിശ്വാസികളുടെ വിശ്വാസപ്രമാണത്തെ സംരക്ഷിക്കാനുള്ള ജനാധിപത്യപരമായ കടമ കമ്യൂണിസ്റ്റുകാർക്കുണ്ട്. ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള ആർഎസ്എസ്സിന്റെ കൈയിലെ ഉപകരണമാണ് ഏക സിവിൽ കോഡ്. ഇതുകാട്ടി മത വ്യക്തമാക്കവർഗീയത സൃഷ്ടിക്കുകയാണ് ലക്ഷ്യം. മതനിരപേക്ഷ ഉള്ളടക്കത്തെ തകർത്ത് മത ധ്രൂവീകരണത്തിലൂടെ ജനങ്ങളെ ഛിന്നഭിന്നമാക്കുകയാണ് ആർഎസ്എസ്. ആഭ്യന്തരശത്രുക്കളുടെ കലവറയായി ആർഎസ്എസ് കാണുന്നത് കേരളത്തെയാണ്. മതനിരപേക്ഷ ശക്തികൾ ജാഗ്രതയോടെ നിലകൊണ്ടാൽമാത്രമേ കേരളം ഇതേപടി നിലനിൽക്കൂ.
മണിപ്പുരിൽ ഇപ്പോൾ മണിപ്പുരികളില്ല, മെയ്ത്തികളും കുക്കികളും മാത്രമാണുള്ളത്. ആർഎസ്എസ്സാണ് അത് സൃഷ്ടിച്ചത്. മണിപ്പുർ പ്രശ്നം സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മധൈര്യം കാണിച്ചില്ല. ഗുജറാത്തിൽ വംശഹത്യ നടന്നപ്പോഴും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി മൗനംപാലിക്കുകയായിരുന്നു. എന്നാൽ, മോദിയെയാണ് വംശഹത്യയിലെ ഒന്നാം പ്രതിയായി ലോകം വിലയിരുത്തിയത്–-എം വി ഗോവിന്ദൻ പറഞ്ഞു.