തിരുവനന്തപുരം > സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഫ്രീഡം ഫെസ്റ്റ് 2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ ഏഴ് സമാന്തര വേദികളിലായി നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. 15വരെ നടക്കുന്ന ഫെസ്റ്റിന്റെ പ്രധാന വേദി തിരുവനന്തപുരം ടാഗോർ തിയറ്ററാണ്.
ഏഷ്യ പസഫിക് ലിനക്സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ജൂലിയൻ ഗോർഡൻ, ഐഐഎസ്സി ഡോ. നരസിംഹമൂർത്തി എന്നിവർ ഉദ്ഘാടനദിനം മുഖ്യ പ്രഭാഷണങ്ങൾ നടത്തും. പ്രൊഫഷണൽ കോളേജുകളിൽ കെ-ഡിസ്ക് സംഘടിപ്പിക്കുന്ന ഐഡിയാത്തോണിൽ വിജയികളായ 1000 പേർക്കുള്ള “കേരള വിഷൻ 2035′ ആണ് ആദ്യ ദിവസത്തെ പ്രധാന പരിപാടി.
ഏഴ് വേദിയിൽ വിവിധ സെഷനായി നടക്കുന്ന പരിപാടിയിൽ സർക്കാർ സ്ഥാപനങ്ങളും പതിനാറോളം സർക്കാരിതര സ്ഥാപനങ്ങളും പങ്കെടുക്കും. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിനാണ് (ഡിഎകെഎഫ്) സംഘാടനത്തിന്റെ ഏകോപനം. അനുബന്ധ വേദികളിലായി സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ, പ്രദർശനങ്ങൾ, കോൺഫറൻസുകൾ, സാംസ്കാരിക പരിപാടികൾ, സിനിമാ പ്രദർശനങ്ങൾ തുടങ്ങിയവ ഉണ്ടാകും. എല്ലാ ദിവസവും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും. ഓരോ ദിവസവും വിവിധ സെഷനിൽ വിദഗ്ധർ, വകുപ്പ് മന്ത്രിമാർ എന്നിവർ പങ്കെടുക്കും. പ്രമുഖ സ്റ്റാർട്ട് അപ്-കളുടെയും ഇ-ഗവേണൻസ്, സ്വതന്ത്ര വിജ്ഞാന സംരംഭങ്ങളുടെയും പ്രദർശനങ്ങൾ ഉണ്ടായിരിക്കും.
ഫ്രീഡം ഫെസ്റ്റിന്റെ മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ആഗസ്റ്റ് 5 മുതൽ 12 വരെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തും.ഫെസ്റ്റിനുമുമ്പായി തിരുവനന്തപുരത്തും കോഴിക്കോട്ടും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അഞ്ചിന് പാലക്കാടാണ് അടുത്ത പരിപാടിയെന്നും സംഘാടക സമിതി പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി, സംഘാടക സമിതി ജനറൽ കൺവീനർ വി കെ പ്രശാന്ത് എംഎൽഎ, അക്കാദമിക് കമ്മിറ്റി ചെയർമാൻ ഡോ. ടി എം തോമസ് ഐസക്, അക്കാദമിക് കമ്മിറ്റി കൺവീനർ കെ അൻവർ സാദത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.