ന്യൂഡൽഹി
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ സംരക്ഷണ ബില്ലിനുമേൽ ഐടി സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ലോക്സഭാ സ്പീക്കർക്കും രാജ്യസഭാധ്യക്ഷനും കത്തു നൽകി.
ജൂലൈ 26-ന് ആണ് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചത്. നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. റിപ്പോർട്ടു സംബന്ധിച്ച് വിശദമായ വിയോജനക്കുറിപ്പ് ബ്രിട്ടാസ് കമ്മിറ്റി ചെയർമാനു സമർപ്പിച്ചിട്ടുമുണ്ട്. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ വർഷം പുറത്തിറക്കിയ കരടു ബില്ലിലെ വ്യവസ്ഥകൾമാത്രമാണ് പൊതുസമൂഹത്തിനു മുമ്പിലുള്ളത്.
ചട്ടപ്രകാരം ലോക് സഭയുടെ നിയന്ത്രണത്തിലുള്ള സ്റ്റാൻഡിങ് കമ്മിറ്റികളിലൊന്നായ ഐടി സ്റ്റാൻഡിങ് കമ്മിറ്റി നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. രാജ്യസഭയ്ക്കും സമാനമായ ചട്ടമുണ്ട്. 270 (ബി)യും 273 (എ)യും പ്രകാരം സഭാധ്യക്ഷൻ അയക്കാത്ത ഒരു ബില്ലും പരിഗണിക്കാനുള്ള അധികാരം സമിതികൾക്കില്ല. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത ഒരു ബില്ലിനുമേൽ സർക്കാരിനെ പ്രകീർത്തിച്ചുകൊണ്ട് ഒരു റിപ്പോർട്ട് കമ്മിറ്റി അംഗീകരിച്ചത് അധികാരപരിധിക്കു പുറത്തുള്ള നടപടിയാണെന്നും അതുകൊണ്ടുതന്നെ ഇത് അസാധുവായി പ്രഖ്യാപിക്കണമെന്നും ജോൺ ബ്രിട്ടാസ് അഭ്യർഥിച്ചു.