ആലുവ
‘മേരാ രാജാ ബേട്ടി കഹാം ഹേ…’ അഞ്ചുവയസ്സുകാരിയുടെ അമ്മ കരഞ്ഞുകൊണ്ട് ചോദ്യമാവർത്തിച്ചു. ഇടയ്ക്കിടെ ആ ശബ്ദം നേർത്തില്ലാതായി. സങ്കടം സഹിക്കാനാകാതെ കൈകാലിട്ടടിച്ച് കരഞ്ഞു. വീണ്ടും ചോദിച്ചു, ‘മേരാ രാജാ ബേട്ടി കഹാം ഹേ’… ഒപ്പമുണ്ടായിരുന്ന ഒരാൾ മറുപടി നൽകി: ‘വോ അഭി ആയേഗാ’.
പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം കാണാനെത്തിയ അമ്മയുടെ സങ്കടം കണ്ണീർപ്രവാഹമായി. അച്ഛൻ നിസ്സഹായനായി ഇരുന്നു. കരഞ്ഞു കരഞ്ഞ് അമ്മ തളർന്നുവീണു. പിന്നെ ബോധവും മറഞ്ഞു. അവരെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. മകളുടെ സംസ്കാരസമയത്ത് അമ്മ ആശുപത്രിയിലായിരുന്നു. ഇളയകുട്ടികളിലൊരാളെ മടിയിലിരുത്തി അച്ഛൻ മകളുടെ അന്ത്യകർമങ്ങൾ ചെയ്തു.
വൻജനാവലിയാണ് പൊതുദർശനത്തിനും സംസ്കാരച്ചടങ്ങുകൾക്കും എത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും സംസ്ഥാന കമ്മിറ്റി പ്രത്യേക ക്ഷണിതാവ് എം എം മണിയും സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും ജില്ലാ കമ്മിറ്റി അംഗം വി സലിമും കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺകുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, ജെബി മേത്തർ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് എന്നിവർ സ്കൂളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
നിറമിഴിയോടെ അവൾക്കൊരു പാവക്കുട്ടി
ആരോ അവൾക്കരികിൽ ഒരു സമ്മാനപ്പൊതി വച്ച് കടന്നുപോയി. അതിനുള്ളിൽ ചെറിയ പാവകളായിരുന്നു. അതെടുത്ത് അവൾ കളിച്ചിരുന്നെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചുപോയി കൂടിനിന്നവർ. അഞ്ചുവയസ്സുകാരിയുടെ അവസാന പൊതുദർശന നിമിഷങ്ങൾ വികാരനിർഭരവും ഹൃദയഭേദകവുമായിരുന്നു. അത്തരമൊരു നിമിഷത്തിലാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരിൽ ഒരാൾ മൃതദേഹത്തിനരികിൽ പാവയെ വച്ച് മിഴികൾ തുടച്ച് കടന്നുപോയത്. കുഞ്ഞുദേഹം കുഴിമാടത്തിലേക്ക് എടുക്കുമ്പോഴും അവൾക്കൊപ്പം ആ പാവകളുണ്ടായിരുന്നു, കൂട്ടെന്നപോലെ…