ആലുവ
സ്കൂളിൽ അവളുടെ പ്രിയപ്പെട്ട അധ്യാപകരെത്തിയിരുന്നു, കൂട്ടുകാരും. ചങ്ങാതിമാരുടെ കൈകളിൽ ചെമ്പനീർപ്പൂക്കളുണ്ടായിരുന്നു; ഇനിയൊരിക്കലും ഉണരാത്ത കൂട്ടുകാരിക്ക് നൽകാൻ.
യൂണിഫോമണിഞ്ഞ് ചിരിയോടെ ഒന്നാംക്ലാസിലേക്ക് കടന്നുവന്ന മിടുക്കിയുടെ മുഖമായിരുന്നു അധ്യാപകരുടെ മനസ്സിൽ. പാട്ടുപാടാനും കളിക്കാനും കൂടുന്ന ഉറ്റചങ്ങാതിയെ കൂട്ടുകാരുടെ കുഞ്ഞുമനസ്സും ഓർത്തുകാണണം. എന്നാൽ, ഞായറാഴ്ച അവർ കണ്ടത് പ്രിയപ്പെട്ടവളുടെ അപരിചിതമായ മുഖം.
ഏറെ ഇഷ്ടപ്പെട്ട ക്ലാസിൽ ഒന്നുമറിയാതെ ആ കുഞ്ഞുശരീരം ചേതനയറ്റുകിടന്നു. കൂട്ടുകാരികൾ കൈയിൽ കരുതിയ റോസാപ്പൂക്കൾ അർപ്പിച്ചു. പ്രധാനാധ്യാപിക കെ എച്ച് ജാസ്മിനും ക്ലാസ്ടീച്ചർ സി ഐ ഷഹനയും തേങ്ങിക്കരഞ്ഞു. ഒന്നാംക്ലാസിലെ 20 കുട്ടികളിൽ റോൾ നമ്പർ ഏഴ് മാത്രമല്ലായിരുന്നു ഷഹനടീച്ചർക്ക് അവൾ. മൂന്നാമത്തെ ബെഞ്ചിൽ ഇനി അവളുണ്ടാകില്ലെന്ന് ഓർത്തപ്പോഴെല്ലാം ടീച്ചറുടെ ഉള്ളുനീറി. പഠിക്കാൻ മിടുക്കിയായിരുന്നുവെന്ന് ടീച്ചർ പറഞ്ഞു.
രാവിലെ 9.30ന് സ്കൂൾ ബസിൽ കൃത്യമായെത്തും. ചിലപ്പോൾമാത്രം മൂന്നാമത്തെ ബെഞ്ച് മാറി ഇരിക്കും. ആരോടും പെട്ടെന്ന് അടുക്കും. സ്മാർട്ടായിരുന്നു. ചേട്ടൻ ഇതേ സ്കൂളിൽ രണ്ടാംക്ലാസിലുണ്ട്. കീഴ്മാട് പൊതുശ്മശാനത്തിൽ നടന്ന സംസ്കാരച്ചടങ്ങിലും പങ്കെടുത്താണ് അധ്യാപകരും അനധ്യാപകരും മടങ്ങിയത്.
കുട്ടിയുടെ ക്ലാസ് ടീച്ചര് ഷഹല മൃതദേഹം കണ്ട് തേങ്ങുന്നു