തിരുവനന്തപുരം
പിഎസ്എൽവി റോക്കറ്റിന്റെ കരുത്തിൽ ഏഴ് വിദേശ ഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ച് ഐഎസ്ആർഒ. ഞായർ രാവിലെ 6.30ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. സിംഗപ്പുർ ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി 56 റോക്കറ്റാണ് കുതിച്ചത്. വിക്ഷേപണത്തിന്റെ അഞ്ചാം മിനിറ്റിൽ ദ്രവഎൻജിൻ വേർപെട്ടു, ഖരഎൻജിൻ ജ്വലിച്ചു. 6.45ന് നാലാംഘട്ടം ജ്വലിച്ചതോടെ പേടകങ്ങൾ നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തി. പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഡിഎസ്–- സാർ ഉപഗ്രഹമാണ് ആദ്യം ഭ്രമണപഥത്തിലിറങ്ങിയത്. ആർക്കേഡ്, വെലോക്സ് എഎം, സ്കൂബ് 2 , ഗലേഷ്യ 2, ഒആർബി 12 സ്ട്രൈഡർ, ന്യൂലയൻ എന്നിവ തൊട്ടു പിന്നാലെയും. ഉപഗ്രഹങ്ങളിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ചാന്ദ്രയാൻ 3ന് ശേഷം നടന്ന വിക്ഷേപണം പൂർണ വാണിജ്യ ദൗത്യമായിരുന്നു.
വിക്ഷേപണത്തിന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണിക്കൃഷ്ണൻനായർ, എൽപിഎസ്സി ഡയറക്ടർ ഡോ. വി നാരായണൻ, ഷാർ ഡയറക്ടർ എ രാജരാജൻ, മിഷൻ ഡയറക്ടർ ഡോ. എസ് ആർ ബിജു എന്നിവർ നേതൃത്വം നൽകി.
ബഹിരാകാശ മാലിന്യപ്രശ്നം:
പരീക്ഷണവും വിജയകരം
ബഹിരാകാശ മാലിന്യ പ്രശ്നം നേരിടാനുള്ള ഐഎസ്ആർഒയുടെ പരീക്ഷണവും വിജയകരം. പിഎസ്എൽവി സി 56 വിക്ഷേപണത്തിനൊപ്പമാണ് ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെടുന്ന റോക്കറ്റ് ഭാഗങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് നിരവധി തവണ ഇവ ഭീഷണിയായിട്ടുണ്ട്. ഇതിന് പരിഹാരമായാണ് പിഎസ് 4 റീ ഓർബിറ്റിങ് സാങ്കേതിക വിദ്യ ഐഎസ്ആർഒ പരീക്ഷിച്ചത്. ഏഴ് ഉപഗ്രഹത്തെയും ലക്ഷ്യത്തിലിറക്കിയശേഷം റോക്കറ്റിന്റെ നാലാം ഘട്ടത്തെ 300 കിലോമീറ്റർ പഥത്തിലേക്ക് താഴ്ത്തി. പിഎസ് 4ൽ ബാക്കിയുണ്ടായിരുന്ന ഇന്ധനം ഉപയോഗപ്പെടുത്തി ത്രസ്റ്റർ വിപരീത ദിശയിൽ ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. സോഫ്റ്റ്വെയർ വികസിപ്പിച്ചത് തിരുവനന്തപുരം വിഎസ്എസ്സിയാണ്. 300 കിലോമീറ്റിൽ എത്തിച്ച മാലിന്യം രണ്ട് മാസത്തിനും രണ്ടു വർഷത്തിനുമിടയിൽ അന്തരീക്ഷത്തിൽ കടക്കും.ബഹിരാകാശ മാലിന്യ പ്രശ്നം പരിഹരിക്കുന്ന വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾക്ക് ഐഎസ്ആർഒ നേതൃത്വം നൽകുമെന്ന് ചെയർമാൻ ഡോ. എസ് സോമനാഥ് ‘ദേശാഭിമാനി’യോട് പറഞ്ഞു.