സിഡ്നി
‘ഈ നിമിഷം നിങ്ങളെന്നെ നോക്കൂ, എന്നിലെ വെളിച്ചം നിങ്ങളെയും നയിക്കും’–- കൊളംബിയൻ വനിതാ ഫുട്ബോളിൽനിന്ന് ഒരു പതിനെട്ടുകാരി പറയുന്നു. പേര് ലിൻഡ കൈസെദൊ. കീഴടക്കാനെത്തിയ രോഗത്തെയും തളർത്താനെത്തിയ ഇല്ലായ്മകളെയും മറികടന്ന് കുതിച്ച പെൺകുട്ടി. ജീവിത സാഹചര്യങ്ങളിൽ തളരുന്നവരോടായിരുന്നു കൈസെദൊയുടെ മറുപടി. ‘നിങ്ങൾക്ക് ഞാനൊരു മാതൃകയാണ്. എന്റെ ജീവിതകഥ നിങ്ങളെ ഉത്തേജിപ്പിക്കും’.
വനിതാ ഫുട്ബോളിലെ പുത്തൻ വിസ്മയമാണ് കൊളംബിയക്കാരി. 14–-ാംവയസ്സിൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം, 15–-ാംവയസ്സിൽ അർബുദം. തളർന്നില്ല അവൾ. ലോകകപ്പിൽ തുടർച്ചയായ രണ്ടാംകളിയിലും ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ആദ്യതാരമെന്ന റെക്കോഡാണ് ഈ ലോകകപ്പിൽ കുറിച്ചത്. ദക്ഷിണ കൊറിയക്കെതിരെയും ജർമനിക്കെതിരെയും ആ ബൂട്ടുകൾ ഗർജിച്ചു. ജർമനിക്കെതിരായ ചരിത്രജയത്തിന് നിർണായകമായ ആദ്യ ഗോൾ ആ വലംകാലിൽനിന്നായിരുന്നു.
കൊളംബിയയിലെ കാൻഡെലാറിയയിലെ ദരിദ്ര കുടുംബത്തിലാണ് ലിൻഡ ജനിച്ചത്. കാൽപ്പന്തിലായിരുന്നു അവളുടെ ആനന്ദവും ആശ്വാസവും. 12–-ാംവയസ്സുമുതൽ ദേശീയ അക്കാദമിയിൽ. അമേരിക്ക ഡെ കാലി ക്ലബ്ബിലൂടെയായിരുന്നു പ്രൊഫഷണൽ അരങ്ങേറ്റം. 2019 നവംബറിൽ കൊളംബിയക്കായുള്ള അരങ്ങേറ്റവും കുറിച്ചു. കോവിഡ് വ്യാപനത്തിന്റെ സമയത്തായിരുന്നു രോഗമെത്തിയത്. പരിശോധനകൾക്കുശേഷം അണ്ഡാശയ അർബുദമാണെന്ന് സ്ഥിരീകരിച്ചു. ആദ്യം ശസ്ത്രക്രിയ, പിന്നീട് കീമോതെറാപ്പി. ആറുമാസത്തെ കഠിനമായ ചികിത്സ. ഏതൊരു കുട്ടിയും തകർന്നുപോകുന്ന നിമിഷം. എന്നാൽ, ആ പതിനഞ്ചുകാരി തളർന്നില്ല. കൊളംബിയൻ പരിശീലകൻ നെൽസൺ അബാദിയ അവളെ ചേർത്തുപിടിച്ചു. മനോധൈര്യം നൽകി. രോഗം തോറ്റു. പൂർണമായും രോഗമുക്തയായശേഷം പരിശീലനം പുനരാരംഭിച്ചു. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല.
കഴിഞ്ഞവർഷം ഇന്ത്യയിൽ നടന്ന അണ്ടർ 17 വനിതാ ലോകകപ്പിലും പിന്നാലെയുള്ള അണ്ടർ 20 ലോകകപ്പിലും കൊളംബിയക്കായി കളിച്ചു. കഴിഞ്ഞവർഷത്തെ കോപ അമേരിക്കയിലെ മികച്ച താരമായും തെരഞ്ഞെടുത്തു. മിടുക്കുകണ്ട് സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് ലിൻഡയെ സ്വന്തമാക്കി. ‘ഞാൻ വളരെ ചെറുപ്പമാണ്. പഠിക്കാനും നേടാനും ഇനിയുമേറേയുണ്ട്’–- ലിൻഡ പറയുന്നു. ലോകകപ്പിൽ മുന്നോട്ടുള്ള പ്രയാണത്തിന് ഈ പതിനെട്ടുകാരിയിലാണ് കൊളംബിയയുടെ സർവപ്രതീക്ഷകളും.