പൊന്നാനി
ഓണാഘോഷത്തിന് വള്ളംകളിയേക്കാൾ ലഹരിപിടിപ്പിക്കുന്നതൊന്നും കടവനാടിനില്ല. ആർപ്പുവിളിയാലും വഞ്ചിപ്പാട്ടിനാലും പൂകൈതപ്പുഴ താളമിടും, ആവേശത്തുഴയെറിയും. ഇത്തവണ ആവേശത്തിന് ഇരട്ടിമധുരത്തിലാണ് കടവനാട്. നെഹ്റു ട്രോഫി വള്ളംകളിയെ ത്രസിപ്പിക്കാൻ പൊന്നാനിയിൽനിന്ന് ഇരുട്ടു കുത്തി വള്ളവുമായി സ്റ്റാർ ക്ലബ് കടവനാട് തയ്യാറെടുക്കുന്നു. ജില്ലയിൽനിന്ന് ആദ്യമായാണ് ഒരു ടീം നെഹ്റു ട്രോഫിക്കായി പുന്നമടക്കായലിൽ തുഴയെറിയാനെത്തുന്നത്. കടവനാട് സ്റ്റാർ ക്ലബ് ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 25 പേർ പങ്കെടുക്കുന്ന മത്സരത്തിലാണ് പങ്കെടുക്കുക.
കടവനാട് സ്റ്റാർ ക്ലബ് 39 വർഷംമുമ്പാണ് രൂപീകരിച്ചത്. ക്ലബ് പൂക്കൈത പുഴയിൽ പരിശീലനം ആരംഭിച്ചു. നെഹ്റു ട്രോഫി മത്സരത്തിൽ കടവനാട് സ്റ്റാർ ക്ലബ്ബിന്റെ പേര് ചേർക്കപ്പെട്ടത് ആവേശം പകർന്നതായും കപ്പെടുക്കാനുള്ള തീവ്രപരിശീലനത്തിലാണെന്നും ക്യാപ്റ്റൻ പ്രഭാകരനും സെക്രട്ടറി സനീഷും പറഞ്ഞു.