തിരുവനന്തപുരം
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ ഐജി ജി ലക്ഷ്മൺ ഉയർത്തുന്നത് തികച്ചും രാഷ്ട്രീയ ലക്ഷ്യമിട്ടുള്ള ആക്ഷേപങ്ങൾ. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇദ്ദേഹം ഉയർത്തിയ ആക്ഷേപത്തിന് കുറ്റവാളികളുടെ ന്യായീകരണമെന്നതിനപ്പുറം വിലയൊന്നും പൊതുസമൂഹം കൽപ്പിച്ചില്ല. എന്നാൽ, ഇത് സർക്കാരിനെ അടിക്കാനുള്ള വടിയാക്കാനാകുമോ എന്നാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ നോട്ടം.
കേസിലെ പങ്കാളിത്തം സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നേരത്തേ സസ്പെൻഷനിലായ ലക്ഷ്മണിനെ സർവീസ് ചട്ടങ്ങൾ പാലിക്കേണ്ടതിനാൽ തിരിച്ചെടുക്കാൻ തീരുമാനിച്ചപ്പോൾ, കുറ്റവാളിക്ക് സർക്കാർ സഹായം ചെയ്യുന്നുവെന്ന് വാദിച്ച മാധ്യമങ്ങളാണ് ഇപ്പോൾ മലക്കംമറിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ തികച്ചും അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിക്കാൻ ലക്ഷ്മൺ തയ്യാറായപ്പോൾ അദ്ദേഹം ചെയ്ത തെറ്റുകൾക്ക് വെള്ള പൂശാൻ നോക്കുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മൺ കേസിൽ പ്രതിയായത്. മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു. ഇരുവരും മോൻസൺ മാവുങ്കലുമായി അടുത്തബന്ധം പുലർത്തിയിരുന്നുവെന്നും പരാതിക്കാരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തട്ടിപ്പിനിരയായ ആന്ധ്ര സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തി കൊടുത്തതാണെന്ന കണ്ടെത്തലിനെത്തുടർന്ന് ലക്ഷ്മണിനെ 2021 നവംബറിലാണ് ട്രാഫിക് ഐജി പദവിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഒരുവർഷവും രണ്ടുമാസവും സസ്പെൻഷൻതന്നെ തുടർന്നു. ഇതിനിടയിൽ വകുപ്പുതല അന്വേഷണം പൂർത്തിയായതിനാൽ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ സസ്പെൻഷൻ റിവ്യു കമ്മിറ്റി ശുപാർശ ചെയ്തു. കേന്ദ്ര സർവീസ് ചട്ടങ്ങൾ പാലിക്കാനായി വകുപ്പുതല നടപടി തുടരുമെന്ന വ്യവസ്ഥയിൽ സർവീസിലേക്ക് തിരിച്ചെടുത്തെങ്കിലും ഉത്തരവാദിത്വമൊന്നും നൽകിയിരുന്നില്ല. അന്ന് ചില പത്രങ്ങളടക്കം ലക്ഷ്മണിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപിച്ചത്.
കേസിൽ തന്നെ മൂന്നാംപ്രതിയാക്കിയത് റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വസ്തുതകളുടെ പിൻബലമില്ലാത്ത ആക്ഷേപങ്ങൾ ഉന്നയിച്ചത്. പ്രതികൾക്കും കോടതിയിൽ പലതും പറയാനുണ്ടാകും. എന്നാൽ, ഐജി സ്ഥാനത്തിരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടിസ്ഥാനമില്ലാത്ത ആക്ഷേപം ഉന്നയിച്ചതിനാലാണ് രാഷ്ട്രീയ ലക്ഷ്യം പുറത്തുവരുന്നത്. കേസിലെ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോൾ ജാമ്യത്തിലാണ്. താനും അറസ്റ്റ് ചെയ്യപ്പെടുമെന്ന് മുൻകൂട്ടിക്കണ്ടുള്ള സഹതാപം ഉറപ്പാക്കൽ നാടകമാണ് ഐജി നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കരിവാരിത്തേയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നൽകിയ ഹർജിയിൽ തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റാരോപണങ്ങളെക്കുറിച്ച് ലക്ഷ്മൺ മിണ്ടുന്നില്ല. ഇത് പരോക്ഷമായ കുറ്റസമ്മതാണ്. ഇതും മറച്ചുവച്ചാണ് മാധ്യമ കോലാഹലം.
ഇന്ന് ചോദ്യംചെയ്യും
മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത വഞ്ചനാകേസിലെ മൂന്നാംപ്രതി ഐജി ഗുഗുലോത്ത് ലക്ഷ്മണിനെ തിങ്കളാഴ്ച ചോദ്യംചെയ്യും. കളമശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ പകൽ 11ന് ഹാജരാകാനാണ് ലക്ഷ്മണിന് നോട്ടീസ് നൽകിയിരിക്കുന്നത്. ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ പൊലീസ് ട്രെയിനിങ് ചുമതലയുള്ള ഐജിയാണ് ഇദ്ദേഹം.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റുസ്തമിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. ഇതിനായി നൂറിലധികം ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കി. കേസിൽ ലക്ഷ്മണിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതും അറസ്റ്റിലേക്ക് നയിക്കാവുന്നതുമായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് സൂചന.
മോൻസൺ മാവുങ്കലിനൊപ്പം ലക്ഷ്മൺ നിൽക്കുന്ന നിരവധി ചിത്രങ്ങൾ ലഭിച്ചിരുന്നു. മോൻസണുമായി ഐജി നടത്തിയ ഫോൺവിളി, ടവർ ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കേസിലെ രണ്ടാംപ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, നാലാംപ്രതി മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ജി ലക്ഷ്മൺ എന്നിവർ നൽകിയ ഉറപ്പിലാണ് പരാതിക്കാർ മോൻസണ് വൻതുക കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പുകേസിൽ സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ പിന്നീട് സർവീസിൽ തിരിച്ചെടുത്തു. പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിയെ മോൻസണ് പരിചയപ്പെടുത്തിയത് ഐജിയാണെന്ന് കണ്ടെത്തിയിരുന്നു. ഐജി ഇടനിലക്കാരനായതായും സംശയിക്കുന്നു.