ദി ഓവൽ
അപ്രതീക്ഷിതമായിരുന്നു സ്റ്റുവർട്ട് ബ്രോഡിന്റെ വിരമിക്കൽ പ്രഖ്യാപനം. ഓവലിൽ ഓസ്ട്രേലിയയുമായുള്ള അഞ്ചാംടെസ്റ്റിന്റെ രണ്ടാംദിനം ഏവരെയും ഞെട്ടിച്ചുകൊണ്ട് ബ്രോഡ് ആ തീരുമാനമെടുത്തു. ആദ്യം അറിയിച്ചത് ഏറെക്കാലമായി കൂടെ പന്തെറിയുന്ന ജയിംസ് ആൻഡേഴ്സണെ. പിന്നെ മുൻ ക്യാപ്റ്റൻ ജോ റൂട്ടിനോടും കാര്യം അവതരിപ്പിച്ചു. മൂന്നാംദിനം കണ്ണീരടക്കിയാണ് അവർ കളത്തിലിറങ്ങിയത്. ഒടുവിൽ മൂന്നാംദിനം കളി നിർത്തുമ്പോൾ ഔദ്യോഗിക പ്രഖ്യാപനവുമെത്തി.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാരിലൊരാളാണ് ഈ ഇംഗ്ലീഷുകാരൻ. 167 ടെസ്റ്റിൽ 602 വിക്കറ്റ് നേടി. ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാമൻ. പേസർമാരിൽ രണ്ടാമൻ. 2006ലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. തൊട്ടടുത്ത വർഷംതന്നെ ഒരു ബൗളറുടെ ഏറ്റവും അപമാനകരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നു. 2007ലെ ട്വന്റി 20 ലോകകപ്പിലായിരുന്നു അത്. ഇന്ത്യൻ ബാറ്റർ യുവരാജ് സിങ് ബ്രോഡിനെ ഒരോവറിൽ ആറ് സിക്സർ പറത്തി. ഇരുപത്തൊന്നുകാരൻ ബൗളറുടെ കളിജീവിതംതന്നെ മാറിമറിഞ്ഞേക്കാവുന്ന അവസ്ഥ. പക്ഷെ, ബ്രോഡ് പോരാളിയായിരുന്നു. വിരമിക്കൽവേളയിലും മുപ്പത്തേഴുകാരൻ ആ സംഭവം ഓർത്തു. ഇതുവരെയുള്ള കളിജീവിതത്തിനെ മുന്നോട്ടുനയിക്കുന്നതിൽ അതിന് വലിയ സ്ഥാനമുണ്ടെന്നും ബ്രോഡ് പറഞ്ഞു. ട്വന്റി 20 ക്രിക്കറ്റ് 2014ലും ഏകദിനം 2016ലും അവസാനിപ്പിച്ചു. ആൻഡേഴ്സണൊപ്പം ടെസ്റ്റിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 121 ഏകദിനത്തിൽ 178 വിക്കറ്റുണ്ട്. ട്വന്റി 20യിൽ 56 കളിയിൽ 65ഉം.
ടെസ്റ്റിൽ ഒരു സെഞ്ചുറിയും 13 അരസെഞ്ചുറികളും സ്വന്തമാക്കി. 169 ആണ് ഉയർന്ന സ്കോർ. ബ്രോഡ് കളി നിർത്തുന്നതോടെ ആൻഡേഴ്സണും വിരമിക്കാനാണ് സാധ്യത. ബ്രോഡ് ഈ പരമ്പരയിലും മികച്ച പ്രകടനമായിരുന്നു. അഞ്ച് കളിയിൽ 20 വിക്കറ്റുണ്ട്. എന്നാൽ, ആൻഡേഴ്സൺ മങ്ങി. ഒരു ടെസ്റ്റിൽ ഇറങ്ങിയതുമില്ല. നാല് ടെസ്റ്റിൽ അഞ്ച് വിക്കറ്റ്മാത്രമാണ് സമ്പാദ്യം. 183 ടെസ്റ്റിൽ 690 വിക്കറ്റാണ് നാൽപ്പത്തൊന്നുകാരന്റെ സമ്പാദ്യം.