സിഡ്നി
മാനുവേല വനേഗാസിന്റെ 97–-ാംമിനിറ്റിലെ ഗോൾ വനിതാ ഫുട്ബോൾ ലോകകപ്പിൽ കൊളംബിയക്ക് ചരിത്രജയം ഒരുക്കി. 1995നുശേഷം ഗ്രൂപ്പുഘട്ടത്തിൽ തോൽവിയറിയാത്ത ജർമനിയെയാണ് കൊളംബിയ വീഴ്ത്തിയത് (2–-1). തുടർച്ചയായ രണ്ടാംജയത്തോടെ ഗ്രൂപ്പ് എച്ചിൽനിന്ന് കൊളംബിയ പ്രീ ക്വാർട്ടർ ഏറെക്കുറെ ഉറപ്പാക്കി. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ദക്ഷിണ കൊറിയയെ ഒരു ഗോളിന് തോൽപ്പിച്ച് മൊറോക്കോ കന്നി ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി. വനിതാ ഫുട്ബോളിലെ ലോകശക്തിയായ ജർമനിയെ കൊളംബിയ തരിമ്പും പേടിച്ചില്ല. 2003ലെയും 2007ലെയും ചാമ്പ്യൻമാരായ ജർമനി പ്രീ ക്വാർട്ടർ ഉറപ്പിക്കാനാണ് കൊളംബിയക്കെതിരെ ഇറങ്ങിയത്.
ആദ്യപകുതിയിൽ ഗോൾ വന്നില്ല. രണ്ടാംപകുതിയുടെ തുടക്കത്തിൽ ലിൻഡ കൈസെദൊയുടെ മിന്നുംഗോൾ ജർമനിയെ ഞെട്ടിച്ചു. കൊളംബിയ ജയം മണത്തു. യൂറോപ്യൻ കരുത്തൻമാർ തോൽവിയിലേക്ക് നീങ്ങി. എന്നാൽ, 89–-ാംമിനിറ്റിൽ അലെക്സാൻഡ്ര പോപ്പിന്റെ പെനൽറ്റി ജർമനിക്ക് ജീവൻ നൽകി. ലെന ഒബെർഡോർഫിനെ കൊളംബിയൻ ഗോൾകീപ്പർ കറ്റലീന പെരെസ് വീഴ്ത്തിയതിനായിരുന്നു പെനൽറ്റി.
സമനിലയിൽ ആശ്വസിക്കാൻ കൊളംബിയ ഒരുക്കമായിരുന്നില്ല. അവസാനനിമിഷംവരെ അവർ പൊരുതി. ഒടുവിൽ പരിക്കുസമയത്തിൽ വനേഗാസ് കൊളംബിയക്കായി വിജയഗോൾ തൊടുത്തു.അവസാനകളിയിൽ മൊറോക്കോയാണ് കൊളംബിയയുടെ എതിരാളി. പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഒരു പോയിന്റ് മതി ലാറ്റിനമേരിക്കക്കാർക്ക്. മൂന്ന് പോയിന്റുമായി രണ്ടാമതുള്ള ജർമനിക്ക് കൊറിയയാണ് എതിരാളി. കൊറിയക്കെതിരെ ഇബ്തിസം ജറയ്ദിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്.
ന്യൂസിലൻഡിന് കണ്ണീർ
കരുത്തരായ സ്വിറ്റ്സർലൻഡിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയിട്ടും ആതിഥേയരായ ന്യൂസിലൻഡിന് വനിതാ ഫുട്ബോൾ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ കാണാനായില്ല. സമനിലയോടെ ന്യൂസിലൻഡ് ഗ്രൂപ്പുഘട്ടത്തിൽ പുറത്തായി.
ഗ്രൂപ്പ് എയിൽനിന്ന് സ്വിറ്റ്സർലൻഡും നോർവെയും പ്രീ ക്വാർട്ടറിൽ എത്തി. ആദ്യ രണ്ട് കളിയിലും ജയമില്ലാതിരുന്ന നോർവെ ഫിലിപ്പീൻസിനെ ആറ് ഗോളിന് തകർത്താണ് മുന്നേറിയത്. ന്യൂസിലൻഡിനും നോർവെക്കും ഗ്രൂപ്പിൽ നാലുവീതം പോയിന്റായിരുന്നു. എന്നാൽ, മികച്ച ഗോൾ വ്യത്യാസത്തോടെ നോർവെ കടക്കുകയായിരുന്നു.