ബാർബഡോസ്
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കളിക്കാനുള്ള സഞ്ജു സാംസന്റെയും സൂര്യകുമാർ യാദവിന്റെയും സാധ്യത മങ്ങുന്നു. വെസ്റ്റിൻഡീസിനെതിരായ രണ്ടാംഏകദിനത്തിലെ തോൽവി ഇരുവരുടെയും ഭാവിയെ സംശയത്തിലാക്കി. സഞ്ജുവിന് ഏറെ നാളിനുശേഷം കിട്ടിയ അവസരം മുതലാക്കാനായില്ല. സൂര്യകുമാർ കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കുന്നു.
രണ്ടാംഏകദിനത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനോട് തോറ്റത്. ഇന്ത്യ 40.5 ഓവറിൽ 181ന് പുറത്തായപ്പോൾ വിൻഡീസ് 36.4 ഓവറിൽ ജയം നേടി. 80 പന്തിൽ 63 റണ്ണുമായി പുറത്താകാതെനിന്ന വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപാണ് മാൻ ഓഫ് ദി മാച്ച്. 65 പന്തിൽ 48 റണ്ണെടുത്ത കീസി കാർട്ടി ക്യാപ്റ്റന് പിന്തുണ നൽകി. നിർണായകമായ മൂന്നാംമത്സരം നാളെ നടക്കും.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും സൂപ്പർതാരം വിരാട് കോഹ്ലിക്കും വിശ്രമം നൽകിയാണ് ഇന്ത്യ രണ്ടാംഏകദിനത്തിന് ഇറങ്ങിയത്. എന്നാൽ, ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ഇറങ്ങിയ ടീം നിരാശപ്പെടുത്തി. ഓപ്പണർമാരായ ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും നൽകിയ മികച്ച തുടക്കം മുതലാക്കാനായില്ല.സഞ്ജു 19 പന്തിൽ ഒമ്പത് റണ്ണുമായാണ് മടങ്ങിയത്. സൂര്യകുമാർ 24 റണ്ണെടുത്ത് പുറത്തായി. 2021 ശ്രീലങ്കയ്ക്കെതിരെയാണ് ഇരുവരും ഏകദിനത്തിൽ അരങ്ങേറിയത്. രണ്ട് വർഷത്തിനുശേഷം സൂര്യകുമാർ ട്വന്റി 20യിൽ ഇന്ത്യയുടെ മുഖമായി മാറി. സഞ്ജു ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന താരവുമായി. രണ്ടുപേർക്കും ഏകദിനത്തിൽ വലിയ അവസരം കിട്ടിയതുമില്ല. ഇരുവരും ഒന്നിച്ചുകളിച്ചത് ആറ് കളികളിൽമാത്രമാണ്. പക്ഷെ, സൂര്യകുമാറിന് 25 ഏകദിനം കളിക്കാനായി.
സഞ്ജുവിനാകട്ടെ കിട്ടിയത് 12ഉം. ഏകദിനത്തിൽ 55ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ട് ഈ വിക്കറ്റ് കീപ്പർക്ക്. എന്നാൽ, പരിക്കുമാറി ലോകേഷ് രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയാൽ സഞ്ജുവിന് കളിക്കാൻ ഇടംകിട്ടുമോ എന്ന് സംശയമാണ്. ലോകകപ്പ് ടീമിൽനിന്ന് പുറത്താകുകയും ചെയ്യും. സൂര്യകുമാറിന് തുടർച്ചയായി അവസരം കിട്ടി. പക്ഷെ, ബാറ്റിങ് ശരാശരി 24 മാത്രമാണ്. മൂന്നാംഏകദിനത്തിലും ഇരുവരെയും പരീക്ഷിക്കാൻ സാധ്യതയുണ്ട്. ലോകകപ്പിനുമുമ്പായുള്ള അവസാന പരീക്ഷണമെന്നാണ് ഈ പരമ്പരയെ കോച്ച് രാഹുൽ ദ്രാവിഡ് വിലയിരുത്തുന്നത്.