കൊച്ചി
മോൻസൺ മാവുങ്കലിന്റെ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ നാലാം പ്രതി മുൻ ഡിഐജി എസ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കളമശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരായ സുരേന്ദ്രനെ രാത്രി ഒമ്പതോടെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. രണ്ടാംപ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റെസ്റ്റത്തിന്റെ നേതൃത്വത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. കേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയത് മുൻ ഡിഐജി സുരേന്ദ്രന്റെ വീട്ടിൽവച്ചാണെന്ന് പരാതിക്കാർ മൊഴി നൽകിയിരുന്നു. 2019 ഡിസംബറിലായിരുന്നു പണം നൽകിയത്. പരാതിക്കാരായ യാക്കൂബും അനൂപ് വി അഹമ്മദും സലീം എടത്തിലും ചേർന്ന് തൃശൂരിൽവച്ചാണ് പണം കൈമാറിയത്. അക്കാലയളവിൽ സുരേന്ദ്രൻ തൃശൂർ ഡിഐജിയായിരുന്നു.
കെ സുധാകരൻ, ഐജി ജി ലക്ഷ്മൺ, എസ് സുരേന്ദ്രൻ എന്നിവർ പലപ്പോഴായി നൽകിയ ഉറപ്പിന്മേലാണ് മോൻസണ് വൻതുക കൈമാറിയതെന്നാണ് പരാതിക്കാരുടെ ആരോപണം. മോൻസന്റെ തട്ടിപ്പിന് ഇവർ ബോധപൂർവം കൂട്ടുനിന്നെന്നും ആരോപിച്ചിരുന്നു.പരാതിക്കാരുടെ മൊഴിയുടെയും ബാങ്ക് രേഖകളുടെയും അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ പ്രതിചേർത്തത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. മോൺസൺ മാവുങ്കലുമായുള്ള ബന്ധം, പണമിടപാടുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങൾ. സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മോൺസൺ നടത്തിയ ഇടപാടുകളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. കേസിലെ മൂന്നാംപ്രതി ഐജി ലക്ഷ്മണിനെ തിങ്കൾ പകൽ 11ന് ചോദ്യംചെയ്യും.
ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റിനുശേഷം 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലുമാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.