തിരുവനന്തപുരം
കേരളത്തിലെ തീരപ്രദേശത്തെ കരിമണൽ ഖനനത്തിനുള്ള അവകാശം സ്വകാര്യ മേഖലയ്ക്കും നൽകുംവിധം കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഖനന ഭേദഗതി നിർദേശം അവസാനം കേന്ദ്രം തിരുത്തി. സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് നടപടി. കരിമണലിലുള്ള മോണോസൈറ്റ്, ഇൽമനൈറ്റ്, സിലിമനൈറ്റ്, സിൽക്കോൺ, റൂട്ടൈൽ തുടങ്ങിയ ധാതുക്കളെ ക്രിട്ടിക്കൽ മിനറൽ വിഭാഗത്തിലേക്ക് മാറ്റാനുള്ള തീരുമാനം ഉപേക്ഷിച്ച്, 1957ലെ ഖനികളും ധാതുക്കളും നിയമത്തിലുള്ളപോലെ ആണവ ധാതുക്കളുടെ പട്ടികയിൽ തന്നെ നിലനിർത്തി. ഷെഡ്യൂളിലും ചട്ടങ്ങളിലും ഇതുപ്രകാരമുള്ള മാറ്റം വരുത്തണമെന്ന് വ്യവസായ മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു.
ഈ ധാതുക്കളെ ക്രിട്ടിക്കൽ മിനറൽ വിഭാഗത്തിലേക്ക് മാറ്റാനുള്ള ഭേദഗതിയിൽ കേരളം ഒരുവർഷം മുമ്പുതന്നെ എതിർപ്പ് അറിയിച്ചിരുന്നു. മന്ത്രി പി രാജീവ് കേന്ദ്ര ഖനനമന്ത്രി പ്രഹ്ളാദ് ജോഷിയെ നേരിൽക്കണ്ട് നിവേദനവും നൽകി. ഈ ധാതുക്കളെ ക്രിട്ടിക്കൽ മിനറൽ വിഭാഗത്തിലേക്ക് മാറ്റുമ്പോൾ സ്വകാര്യമേഖലയ്ക്ക് ഖനനത്തിനുള്ള സാഹചര്യം ഉണ്ടാകും. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേരളം ചൂണ്ടിക്കാട്ടി. കരിമണലിന്റെ ഖനനാനുമതി നൽകാൻ സംസ്ഥാന സർക്കാരിനുള്ള അധികാരം കേന്ദ്ര സർക്കാരിനാകും എന്നതും ശ്രദ്ധേയമാണ്. ജനസാന്ദ്രതയേറിയതും അതീവ ദുർബലവുമായ കേരളത്തിന്റെ തീരമേഖലയ്ക്ക് തിരിച്ചടിയാകുമായിരുന്ന നയമാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽകൊണ്ട് തിരുത്തപ്പെട്ടത്.