രാഷ്ട്രീയ സിനിമയുടെ കേവല സങ്കൽപ്പങ്ങളിൽനിന്ന് മലയാള സിനിമയെ വഴിമാറി നടത്തിച്ച ആദ്യ സംവിധായകനാണ് ടി വി ചന്ദ്രൻ. വാണിജ്യ സിനിമകൾക്കും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയവരുടെ യൂറോപ്യൻ സിനിമകളുടെ അനുധാവനത്തിനും നടുവിലാണ് രാഷ്ട്രീയ ബോധമുള്ള കലാസിനിമകളുമായി ടി വി ചന്ദ്രൻ അവതരിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ ധീരമായ ഒരു മലയാളി കൂട്ടായ്മയുടെ ശ്രമമായ കബനീ നദി ചുവന്നപ്പോൾ എന്ന സിനിമയിലെ നായകനടനായാണ് അദ്ദേഹം സിനിമയിൽ എത്തിയത്. പി എ ബക്കർ, പി പവിത്രൻ, ചിന്ത രവീന്ദ്രൻ തുടങ്ങിയവരുടെ കൂട്ടത്തിലേക്ക് റിസർവ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് ടി വി ചന്ദ്രനെത്തിയത്. പിന്നീട് ഇന്നുവരെ സിനിമയെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. സിനിമയുടെ പ്രമേയത്തിനൊപ്പം ശിൽപ്പഘടനയ്ക്കും പ്രാധാന്യം നൽകി.
ഓർമകൾ ഉണ്ടായിരിക്കണം എന്ന സിനിമ വിമോചന സമരത്തെ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ ചിത്രീകരിക്കുകയാണ്. ഇന്നും പ്രസക്തമാണ് അതിലെ രാഷ്ട്രീയം. 2002ൽ അഹമ്മദാബാദിൽ ഉണ്ടായ വംശഹത്യ ഉണ്ടാക്കിയ ഉണങ്ങാത്ത മുറിവിൽനിന്നാണ് ചന്ദ്രൻ മൂന്ന് സിനിമ സംവിധാനം ചെയ്തത്. ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും അപമാനം ഉണ്ടാക്കിയ അഹമ്മദാബാദ് കൂട്ടക്കൊല സിനിമയാക്കിയതോടെ ഒരു കലാകാരൻ ഇത്തരം സമകാലിക സംഭവങ്ങൾക്ക് അതീതനാണ് എന്ന സാമാന്യധാരണ അട്ടിമറിക്കപ്പെട്ടു. ഇതിൽ ഒരു സിനിമയായ കഥാവശേഷൻ അന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തിരക്കഥയെ ആണ്. ഷോട്ട് അഥവാ സീൻതന്നെ വിവിധ ആളുകളുടെ പരിപ്രേക്ഷ്യത്തിലൂടെ ചിത്രീകരിക്കുന്ന രീതി മലയാളത്തിൽ പ്രഥമമായിരുന്നു. തിരക്കഥയ്ക്കുള്ള പുരസ്കാരവും ഇതിന് ലഭിച്ചു. മമ്മൂട്ടിക്ക് അഭിനയത്തിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ഡാനിയുടെ ശിൽപ്പം ഒരേസമയം ഒറിജിനലും നവീനവും ആയിരുന്നു. ഒരു സാധാരണ മനുഷ്യന്റെ ജീവിതം ചരിത്ര സംഭവങ്ങളുടെ ശബ്ദപഥത്തിനൊപ്പം വിളക്കിച്ചേർത്തുകൊണ്ടാണ് ഈ സിനിമയുടെ ആവിഷ്കാരം. അവസാന സിനിമകളിൽ ഒന്നായ മോഹവലയം സിനിമയെക്കുറിച്ചുള്ള സിനിമതന്നെയാണ്. സംവിധായകന്റെ ആത്മാംശവും ഈ സിനിമയിലുണ്ട്.
ഒരു സിനിമ നിർമിച്ച് അത് മാർക്കറ്റ് ചെയ്യാൻ 10 വർഷം വീട്ടിലിരിക്കുന്ന സിനിമക്കാരൻ അല്ല ടി വി ചന്ദ്രൻ. അദ്ദേഹം നിരന്തരമായി സിനിമ എടുക്കുന്നു. സിനിമ തന്റെ ജീവിതംതന്നെയാണ് എന്ന സ്ഥിരം ക്ലീഷേ അല്ല ചന്ദ്രന്റെ ജീവിതം. കോവിഡ് കാലത്തിന്റെ ദീർഘ മൗനത്തിനുശേഷം ഇപ്പോഴും പുതിയ സിനിമയുടെ ചിന്തകളിലാണ്, ആചാര്യനെങ്കിലും സാധാരണ മനുഷ്യനായ ഈ സംവിധായകൻ.