കണ്ണൂർ
ഡ്യൂട്ടിക്കിടെ മരിക്കുന്നവരുടെ ആശ്രിതർക്ക് സീനിയോറിറ്റി പരിഗണിക്കാതെ നിയമനം നൽകുന്നതിന് നിയമനിർമാണം നടത്തണമെന്ന് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
സാമൂഹ്യവളർച്ചയിൽ പങ്കുള്ള സേവനസേനയെന്ന നിലയിലേക്കാണ് കേരള പൊലീസ് വളരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും അതിൽ പങ്കാളിയാകുന്നുവെന്ന് ഉറപ്പാക്കാനാവണം. കളങ്കങ്ങൾ അന്യമാകുന്നുവെന്ന് ഉറപ്പാക്കാനുള്ള ജാഗ്രതയും അനിവാര്യമാണ്. ജനകീയസേന എന്നനിലയിലേക്കാണ് കേരള പൊലീസ് പരിവർത്തനപ്പെടുന്നത്. ജനങ്ങൾക്കും അതിന്റെ ആത്മവിശ്വാസമുണ്ട്. നിർഭയമായി പൊലീസിനെ ആശ്രയിക്കാൻ കഴിയുന്നു. മാറിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണത്. ഭൂരിപക്ഷം ഉദ്യോഗസ്ഥരിലും ജനോന്മുഖമായ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു ന്യൂനപക്ഷം ഇതിൽനിന്ന് മാറി പ്രവർത്തിക്കുന്നുണ്ട്. സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന ഇത്തരക്കാരെ ഒഴിവാക്കണമെന്നാണ് സർക്കാർനയം. വ്യക്തിജീവിതത്തിലടക്കം അച്ചടക്കം പുലർത്താൻ സേനാംഗങ്ങൾക്ക് കഴിയണം. ഒരാളുടെ ദുഷ്പ്രവൃത്തി സേനയെ മുഴുവനായാണ് ബാധിക്കുക. ഒന്നിച്ചുള്ളവർ തെറ്റിലേക്ക് നീങ്ങുമ്പോൾ തിരുത്തിക്കാൻ സഹപ്രവർത്തകർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് എസ് ആർ ഷിനോദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, എഡിജിപി എം ആർ അജിത്കുമാർ, നോർത്ത് സോൺ ഐജി നീരജ് കുമാർ ഗുപ്ത, കണ്ണൂർ റേഞ്ച് ഐജി പുട്ട വിമലാദിത്യ, സിറ്റി പൊലീസ് കമീഷണർ അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
കെ പി പ്രവീൺ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. എ സുധീർഖാൻ കണക്കും കെ വി പ്രവീഷ് പ്രമേയങ്ങളും എം കെ സാഹിദ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. എസ് ആർ ഷിനോദാസ് അധ്യക്ഷനായി. എട്ടുമണിക്കൂർ ജോലി എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വ്യാപിപ്പിക്കുക, സേനാംഗങ്ങളുടെ അംഗസംഖ്യ വർധിപ്പിക്കുക, വനിതാ പൊലീസിന്റെ പ്രാതിനിധ്യം 33 ശതമാനമാക്കുക, സിവിൽ പൊലീസ് ഓഫീസർമാരുടെ അടിസ്ഥാന വിദ്യഭ്യാസയോഗ്യത ബിരുദമാക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.