കൊച്ചി
ഏക സിവിൽ കോഡിനെതിരെ യോജിച്ച പോരാട്ടം അനിവാര്യമെന്ന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ (കെഎംജെസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനിടയിൽ രാജ്യം നേരിടുന്ന സാമ്പത്തിക അസമത്വവും വർധിക്കുന്ന തൊഴിലില്ലായ്മയും കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കുന്നു. മണിപ്പുർ കത്തിയമരുമ്പോഴും പ്രധാനമന്ത്രി മൗനത്തിലാണ്. അപകടകരമായ രാഷ്ട്രീയനീക്കത്തിനെതിരെ ഒന്നിച്ചുള്ള പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിന് തുടക്കംകുറിച്ച് കെഎംജെസി സ്ഥാപകാംഗം മുഹമ്മദ് ബഷീർ ബാബു പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അധ്യക്ഷനായി. ഹെെബി ഈഡൻ എംപി, കെഎംജെസി സംസ്ഥാന ജനറൽ സെക്രട്ടറി മാള എ എ അഷ്റഫ്, കെ എം ഹാരിസ്, അഡ്വ. ടി പി എം ഇബ്രാഹിം ഖാൻ, അഡ്വ. എം എം സിറാജുദീൻ, ഇമാം ഹാജി എം എം ബദറുദീൻ മൗലവി, ഇമാം അലിയാർ അൽ കാസിമി, എൻ എം അമീർ, കെ എം ഉമ്മർ, പി എം നജീബ്, കാസിം ഇരിക്കൂർ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ എം ഹാരിസ് അധ്യക്ഷനായി.