തിരുവനന്തപുരം
സംസ്ഥാനത്ത് എൻജിനിയറിങ് ആദ്യ അലോട്ട്മെന്റിൽ 20,576 പേർ ഇടം നേടി. ആർക്കിടെക്ചർ കോഴ്സുകൂടി ഉൾപ്പെടുത്തി രണ്ടാംഘട്ട അലോട്ട്മെന്റ് ആരംഭിച്ചു. എൻജിനിയറിങ് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് ഓൺലൈൻ പേമെന്റായോ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ തിങ്കൾമുതൽ ആഗസ്ത് നാലിന് പകൽ മൂന്നുവരെ ഒടുക്കണം. നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമീഷണർക്ക് ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകുന്നതല്ല.
ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല. ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ആവശ്യപ്പെട്ടിരിക്കുന്ന ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർഥികളും ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്താവരും എൻജിനിയറിങ് കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടതാണ്. ഇതിനായി വിദ്യാർഥികൾ ഹോംപേജിൽ പ്രവേശിച്ച് confirm ബട്ടൻ ക്ലിക് ചെയ്യണം.
ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെത്തുടർന്ന് ഹയർ ഓപ്ഷൻ പുനക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ് കോഴ്സ് എന്നിവ തിങ്കൾമുതൽ നാലിന് വൈകിട്ട് നാലുവരെ ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്കും അനുബന്ധമായി ചേർത്തിട്ടുള്ള സർക്കാർ/ എയ്ഡഡ് സ്വയംഭരണ/ സ്വാശ്രയ ആർക്കിടെക്ചർ കോളേജുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവരിൽ നിശ്ചിത തീയതിക്കുള്ളിൽ ഫീസ് അടയ്ക്കാത്തവർ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരുന്നാൽപ്പോലും നിലവിലെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും നഷ്ടമാകുകയും തുടർന്ന് ഈ വിദ്യാർഥികളെ രണ്ടാംഘട്ട അലോട്ട്മെന്റിൽ ബന്ധപ്പെട്ട സ്ട്രീമിലെ അലോട്ട്മെന്റിന് പരിഗണിക്കുന്നതുമല്ല.
ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടി ആർക്കിടെക്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 04712525300