തിരുവനന്തപുരം > ശാസ്ത്രവിരുദ്ധ സമീപനത്തെ വിമർശിക്കുകയും ശാസ്ത്രീയ ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്ത സ്പീക്കർ എ എൻ ഷംസീറിനെതിരെ കൊലവിളി നടത്തുന്ന സംഘപരിവാർ അജൻഡ തിരിച്ചറിഞ്ഞ് ജനാധിപത്യ കേരളം പ്രതിരോധം തീർക്കണമെന്ന് ഡിവൈഎഫ്ഐ.
പൗരന്മാരിൽ ശാസ്ത്രബോധം വർധിപ്പിക്കാനുള്ള ചുമതല ഭരണഘടനയുടെ ആർട്ടിക്കിൾ 51ലെ മൗലിക കർത്തവ്യങ്ങൾ പ്രകാരം ഓരോരുത്തർക്കുമുണ്ട്. സ്വാതന്ത്ര്യാനന്തരം നാം നടന്നുകയറിയ ഓരോ പുരോഗതിക്കും പിന്നിൽ ഈ ശാസ്ത്രീയ അന്വേഷണത്വരയുടെ സംഭാവനകളുമുണ്ട്. അതിനാൽ, അത്തരമൊരു ആശയം പങ്കുവച്ച കാരണത്താൽ സ്പീക്കറിനെ വേട്ടയാടാനുള്ള സംഘപരിവാർ നീക്കം കേരളത്തിൽ വകവച്ചുകൊടുക്കില്ല. ശാസ്ത്രത്തോടും ചരിത്രത്തോടുമുള്ള ഭയം ഫാസിസ്റ്റ് ശക്തികൾക്ക് പണ്ടേയുള്ളതാണ്. പരിണാമ സിദ്ധാന്തംപോലും സിലബസിൽനിന്ന് വെട്ടിമാറ്റിയത് അതിന്റെ തെളിവാണ്. വിശ്വാസവും മിത്തും പ്രായോഗിക ശാസ്ത്രവുമൊക്കെ വേർതിരിച്ചു കാണാനുള്ള ബോധം കേരളത്തിലെ സാമാന്യ ജനങ്ങൾക്കുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി.