ബാർബഡോസ്
വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംമത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയ കളിയിൽ 35 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റണ്ണെന്ന നിലയിലാണ്. മലയാളിതാരം സഞ്ജു സാംസൺ 19 പന്തിൽ ഒമ്പത് റണ്ണെടുത്ത് പുറത്തായി. ഇഷാൻ കിഷൻ തുടർച്ചയായ രണ്ടാംമത്സരത്തിലും അരസെഞ്ചുറി നേടി. 55 പന്തിൽ 55 റണ്ണാണ് ഇടംകൈയൻ അടിച്ചെടുത്തത്. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും കളിച്ചില്ല. ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായി.
ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും മികച്ച തുടക്കമാണ് നൽകിയത്. 49 പന്തിൽ 34 റണ്ണെടുത്ത ഗില്ലാണ് ആദ്യം പുറത്തായത്. 90 റണ്ണിനാണ് ആദ്യ വിക്കറ്റ് വീണത്. പിന്നാലെ കിഷനും വീണു. ഒരു സിക്സറും ആറ് ഫോറുമായിരുന്നു ഇടംകെെയന്റെ ഇന്നിങ്സിൽ.
സ്ഥാനക്കയറ്റം കിട്ടിയ അക്സർ പട്ടേലിനും (1) പിന്നാലെയെത്തിയ ഹാർദിക്കിനും (7) സ്കോർ ഉയർത്താൻ കഴിഞ്ഞില്ല. പ്രതീക്ഷയോടെ എത്തിയ സഞ്ജുവും നിരാശപ്പെടുത്തി. സ്പിന്നർ യാന്നിക് കരിയായുടെ പന്തിൽ ബാറ്റ്വച്ച സഞ്ജു ബ്രണ്ടൻ കിങ്ങിന്റെ കൈയിലൊതുങ്ങി. തുടർന്ന് മഴയെത്തി. ഇടവേളയ്ക്കുശേഷം കളി തുടങ്ങിയപ്പോൾ സൂര്യകുമാർ യാദവിനെയും (25 പന്തിൽ 24) രവീന്ദ്ര ജഡേജയെയും (21 പന്തിൽ 10) നഷ്ടമായി. ഏഴ് റണ്ണുമായി ശാർദുൽ ഠാക്കൂറും കുൽദീപ് യാദവുമാണ് (1) ക്രീസിൽ. വിൻഡീസിനായി റൊമാരിയോ ഷെപേർഡ് മൂന്ന് വിക്കറ്റെടുത്തു.