ബ്രിസ്ബെയ്ൻ
വനിതാ ഫുട്ബോൾ ലോകകപ്പിലെ ആവേശകരമായ മത്സരത്തിൽ ഫ്രാൻസ് ബ്രസീലിനെ 2–-1ന് വീഴ്ത്തി. അവസാന ഘട്ടത്തിൽ ക്യാപ്റ്റൻ വെൻഡി റെനാർദ് നേടിയ തകർപ്പൻ ഹെഡറിലൂടെയായിരുന്നു ഫ്രാൻസിന്റെ ജയം. മറ്റൊരു മത്സരത്തിൽ ഇറ്റലിയെ അഞ്ച് ഗോളിന് നിലംപരിശാക്കി സ്വീഡൻ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.
ഗ്രൂപ്പ് എഫിൽ രണ്ടുകളിയിൽ നാല് പോയിന്റുമായി ഒന്നാമതാണ് ഹെർവി റെനാർദിന്റെ സംഘം. പാനമയെ ഒരു ഗോളിന് തോൽപ്പിച്ച ജമെെക്കയാണ് ഗ്രൂപ്പിൽ രണ്ടാമത്. മൂന്ന് പോയിന്റുമായി മൂന്നാമതുള്ള ബ്രസീലിന് ജമൈക്കയുള്ള കളി നിർണായകമാകും. ബ്രിസ്ബെയ്നിൽ പ്രതീക്ഷിച്ചപോലെ ഉശിരൻ പോരാട്ടമായിരുന്നു. പാനമയെ നാല് ഗോളിന് തകർത്തുവന്നതിന്റെ ആവേശത്തിലായിരുന്നു ബ്രസീൽ. എന്നാൽ, ജമൈക്കയോടുള്ള ഗോളില്ലാക്കളിയുടെ നിരാശ മായ്ക്കാനാണ് ഫ്രാൻസ് എത്തിയത്.
കളി തുടങ്ങി നിമിഷങ്ങൾക്കകം ഫ്രാൻസ് കളംപിടിച്ചു. ബ്രസീലിന്റെ പ്രതിരോധനിരയെ അവർ പരീക്ഷിച്ചുകൊണ്ടിരുന്നു. യൂജിൻ ലെ സോമ്മെറായിരുന്നു അപകടകാരി. ആദ്യഘട്ടത്തിൽത്തന്നെ ബ്രസീൽ ഗോൾകീപ്പർ ലെറ്റീഷ്യയെ പരീക്ഷിച്ചു. നിരന്തരം ബ്രസീൽ ഗോൾമുഖത്തേക്ക് പന്തൊഴുകി. 17–-ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് എടുത്തു. സാക്കിന കാർചൂയിയുടെ ഇടതുഭാഗത്തുനിന്നുള്ള ഇടംകാൽ ക്രോസ് ബ്രസീൽ ബോക്സിലേക്ക് പറന്നു. കദിദിയാതു ഡിയാനി തലകൊണ്ട് ആ ക്രോസിൽ തലവച്ചു. സോമ്മെറുടെ തലയ്ക്ക് പാകമായാണ് ആ ഹെഡർ കിട്ടിയത്. ഫ്രാൻസ് മുന്നിൽ. 181–-ാം മത്സരം കളിക്കുന്ന സോമ്മെറുടെ 90–-ാം ഗോളായിരുന്നു ഇത്. ആക്രമണനിരയിൽ സെൽമ ബച്ച പരിക്കുമാറി തിരിച്ചെത്തിയത് ഫ്രാൻസിന് ഗുണം ചെയ്തു.
പാനമയ്ക്കെതിരെ ഗോളടിച്ചുകൂട്ടിയ ബ്രസീൽ ഫ്രാൻസിന്റെ മധ്യനിരയുടെ കരുത്തിനുമുന്നിൽ പതറി. മുന്നേറ്റങ്ങൾക്ക് മൂർച്ചയുണ്ടായില്ല. ഫിനിഷിങ്ങിലും താളംതെറ്റി. എന്നാൽ, ഇടവേളയ്ക്കുശേഷം ബ്രസീലിന്റെ ആക്രമണനിര ഉണർന്നു. ഫിനിഷിങ്ങിൽമാത്രമായിരുന്നു പോരായ്മ. 58–-ാം മിനിറ്റിൽ ദെബീന്യയുടെ മനോഹര ഗോൾ ലാറ്റിനമേരിക്കക്കാരെ ഒപ്പമെത്തിച്ചു. കെരോളിന്റെ തട്ടിത്തെറിച്ച ഷോട്ട് നിയന്ത്രണത്തിലാക്കി തകർപ്പൻ ഷോട്ട്.
ബ്രസീൽ പൊരുതി. സമനില പിടിച്ചതിന്റെ ആശ്വാസത്തിലായിരുന്നു അവർ. ഫ്രാൻസ് പക്ഷേ, വിട്ടുകൊടുത്തില്ല. സെൽമയുടെ കോർണറിൽ വെൻഡി റെനാർദിന്റെ ഹെഡർ ബ്രസീലിന്റെ കണക്കൂകൂട്ടലുകളെ പാടേ തെറ്റിച്ചു. പ്രതിരോധത്തിനുമുന്നിൽ കുത്തിയ ഉയർന്ന പന്ത് ലെറ്റീഷ്യയെ കാഴ്ചക്കാരിയാക്കി വലകണ്ടു.
അവസാനഘട്ടത്തിൽ ഇതിഹാസതാരം മാർത്ത കളത്തിലിറങ്ങിയെങ്കിലും ബ്രസീലിന് തോൽവി ഒഴിവാക്കാനായില്ല. അമാൻഡ ഇല്ലസ്റ്റെറ്റിന്റെ ഇരട്ടഗോളിലാണ് സ്വീഡൻ ഇറ്റലിക്കെതിരെ കൂറ്റൻ ജയം സ്വന്തമാക്കിയത്. രണ്ട് ഗോളിനും ജൊന്ന ആൻഡേഴ്സൺ അവസരമൊരുക്കി. ഫ്രിഡോളിന റോൾഫോ, സ്റ്റിന ബ്ലാക്സ്റ്റിനിയസ്, റെബേക്ക ബ്ലോംക്വിസ്റ്റ് എന്നിവരും സ്വീഡനായി ഗോളടിച്ചു.രണ്ട് കളിയും ജയിച്ചാണ് സ്വീഡന്റെ മുന്നേറ്റം. ഇറ്റലി മൂന്ന് പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഗ്രൂപ്പിലെ അവസാന കളിയിൽ സ്വീഡൻ അർജന്റീനയെയും ഇറ്റലി ദക്ഷിണാഫ്രിക്കയെയും നേരിടും.