ഫുക്കുവോക്ക
കാറ്റി ലെഡേക്കി നീന്തൽക്കുളത്തിൽ ഒരിക്കൽക്കൂടി ചരിത്രംകുറിച്ചു. ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം മെഡൽ നേടുന്ന താരമായി അമേരിക്കക്കാരി. നാട്ടുകാരനും നീന്തലിലെ എക്കാലത്തെയും മികച്ച താരവുമായ മൈക്കേൽ ഫെൽപ്സിന്റെ റെക്കോഡാണ് തിരുത്തിയത്. ഫെൽപ്സിന് പതിനഞ്ചും ലെഡേക്കിക്ക് 16ഉം വ്യക്തിഗത സ്വർണമായി. ടീം ഇനത്തിൽ ഉൾപ്പെടെ 20 സ്വർണമെഡൽ. ജപ്പാനിലെ ഫുക്കുവോക്കയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ സ്വർണം നേടിയാണ് ഇരുപത്താറുകാരിയുടെ കുതിപ്പ്. 800ൽ തുടർച്ചയായി ആറ് സ്വർണം നേടിയും റെക്കോഡിട്ടു.
എട്ട് മിനിറ്റ് 08.87 സെക്കൻഡിലായിരുന്നു കുതിപ്പ്. ചൈനയുടെ ലി ബിങ്ജിക്കാണ് വെള്ളി. ഓസ്ട്രേലിയയുടെ അറിയാർണെ ടിറ്റ്മസ് വെങ്കലവും സ്വന്തമാക്കി. 2016ലാണ് ഈയിനത്തിൽ ലെഡേക്കി ലോക റെക്കോഡിട്ടത്. 8:04.79 ആയിരുന്നു സമയം. ഫുക്കുവോക്കയിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിലും സ്വർണം നേടിയിട്ടുണ്ട്.
പതിനഞ്ചാം വയസ്സിൽ ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയായിരുന്നു തുടക്കം. 2013ലെ ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് ലോക റെക്കോഡ് ഉൾപ്പെടെ മൂന്ന് വ്യക്തിഗത സ്വർണം. ലെഡേക്കി പിന്നെ തിരിഞ്ഞുനോക്കിയില്ല. ഓരോതവണയും ലോക റെക്കോഡ് തിരുത്തി മുന്നേറി. ഒളിമ്പിക്സിൽ ഏഴ് സ്വർണമാണ് നേടിയത്. ഇത്രയും സ്വർണം നേടുന്ന ആദ്യ വനിതാ താരമാണ്. ഫുക്കുവോക്കയിൽ 4–-100 മീറ്റർ ഫ്രീസ്റ്റൈൽ മിക്സ്ഡ് റിലേയിൽ ഓസ്ട്രേലിയ ലോക റെക്കോഡിട്ടു. ഇരുപത് സ്വർണവുമായി ചൈനയാണ് ഒന്നാമത്. ഓസ്ട്രേലിയക്ക് 15ഉം അമേരിക്കയ്ക്ക് നാലും സ്വർണമാണുള്ളത്. ചാമ്പ്യൻഷിപ് ഇന്ന് അവസാനിക്കും.